ഒരു പുസ്തകപ്രേമിക്ക് മറ്റൊരു പുസ്തകപ്രേമിയോടുള്ള ആദരവും സ്നേഹമാണ്! വായനാദിനത്തില്‍ വി.ഡി. സതീശനെക്കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി സാഹിത്യകാരൻ ഫ്രാൻസിസ് നൊറോണ

പുസ്തക പ്രേമിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെക്കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണ. ഉത്തരാധുനിക മലയാള ചെറുകഥാലോകത്തെ കരുത്തുറ്റ ശബ്ദമായാണ് ഫ്രാന്‍സിസ് നൊറോണയെ വിശേഷിപ്പിക്കപ്പെടുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടൊത്തുള്ള ഒരു അനുഭവമാണ് വായനാദിനത്തില്‍ നൊറോണ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിക്കുന്നത്. എസ്. ജയചന്ദ്രന്‍നായരുടെ എന്റെ പ്രദക്ഷിണ വഴികള്‍ എന്ന ലേഖനസമാഹാരം തിരുവനന്തപുരത്തുനിന്ന് വാങ്ങി നല്‍കാനുള്ള ആവശ്യം കൃത്യമായി പരിഗണിച്ച് തിരക്കുകള്‍ക്കിടയിലും തന്നിലേക്ക് എത്തിച്ച അനുഭവമാണ് നൊറോണ സൂചിപ്പിക്കുന്നത്. സാധാരണക്കാരനായ തന്നോടുപോലും ഇത്രയും ഉത്സാഹത്തോടെ ഇടപെടുന്ന വി.ഡി. സതീശനോട് നന്ദി രേഖപ്പെടുത്തുകയാണ് ഈ സാഹിത്യകാരന്‍.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഇഷ്ടപ്പെട്ടൊരു പുസ്തകം കൈയിലേക്ക് എത്തിയാല്‍ അതാരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ എനിക്കൊരു അസ്വസ്ഥതയാണ്. ഇത്തവണ അങ്ങനെയൊരു പുസ്തകം കിട്ടിയത് എറണാകുളം പബ്‌ളിക് ലൈബ്രററിയില്‍ നിന്നാണ്. എസ്. ജയചന്ദ്രന്‍നായരുടെ എന്റെ പ്രദക്ഷിണ വഴികള്‍ എന്ന ലേഖനസമാഹാരം. എനിക്കത് ഏറെ ഇഷ്ടമായി. സൈന്‍ ബുക്‌സാണ് അതു പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്താണ് പബ്‌ളിഷറുടെ ഓഫീസ്.
പത്രപ്രവര്‍ത്തന രംഗത്തെ തന്റെ ജീവിതാനുഭവങ്ങളും, സേവനകാലയളവില്‍ പരിചയപ്പെട്ട മനുഷ്യരെക്കുറിച്ചും എസ്. ജയചന്ദ്രന്‍നായര്‍ കാവ്യാത്മകമായ ഭാഷയില്‍ എഴുതിയ കുറിപ്പുകളാണ് ഈ പുസ്തകത്തിന്റെ കണ്ടന്റ്.
ഒരു കാലഘട്ടത്തിന്റെ സത്ത് എന്നാണ് ഇതിന്റെ അവതാരികയുടെ തലക്കെട്ട്. അവതാരിക എഴുതിയിരിക്കുന്നത് റ്റി.ജെ.എസ്. ജോര്‍ജ്ജാണ്. ഇന്നത്തെ ജീവിതമാണ് നാളത്തെ ചരിത്രം. പക്ഷെ ചരിത്രം നാളത്തെ ആളുകള്‍ അറിയണമെങ്കില്‍ ഇന്നു ജീവിക്കുന്നവര്‍ അവരുടെ സര്‍വ്വവിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കണമെന്നാണ് റ്റി.ജെ.എസ് തന്റെ അവതാരികയുടെ ആമുഖത്തില്‍ പറയുന്നത്. ഒരു കാലഘട്ടത്തിന്റേയും ഒരു സംസ്‌കാരത്തിന്റേയും കാച്ചിക്കുറുക്കിയ സത്തയാണ് ഈ പുസ്തകമെന്ന് പറഞ്ഞാണ് അദ്ദേഹം അവതാരിക അവസാനിപ്പിക്കുന്നത്.
സാഹിത്യത്തിലും സിനിമയിലും പത്രപ്രവര്‍ത്തന രംഗത്തും നമ്മള്‍ അറിയാതെ പോയ പലതും ഈ പുസ്തകം പറഞ്ഞു തരുന്നുണ്ട്.
അതിലൊന്നു ഞാനിവിടെ എഴുതാം..
ആനന്ദിന്റെ ആള്‍ക്കൂട്ടം നമുക്ക് സുപരിചിതമായ പുസ്തകമാണ്. എന്നാല്‍ അതിന്റെ കൈയെഴുത്തു പ്രതി സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഓഫീസില്‍ ദീര്‍ഘകാലം പൊടിപിടിച്ചു കിടന്നിരുന്നു എന്നത് നമ്മളില്‍ എത്രപേര്‍ക്ക് അറിയാം. കാരൂരായിരുന്നു അന്നത്തെ സമിതിയുടെ പ്രസിഡന്റ്. ഒടുക്കം പി.കെ. ബാലകൃഷ്ണനും എം.എസ് മണിയുമൊക്കെ ഇടപെട്ടതിനെ തുടര്‍ന്നാണ് ആള്‍ക്കുട്ടം വെളിച്ചം കാണുന്നത്..
ഇപ്രകാരമുള്ള ഒട്ടനവധി രസകരവും വേദനയുളവാക്കുന്നതുമായ സംഭവങ്ങള്‍ ഈ പുസ്തകത്തില്‍ എസ്. ജയചന്ദ്രന്‍ നായര്‍ വിവരിക്കുന്നുണ്ട്.
പുസ്‌കകവായന പാതിയോളം ദൂരം പിന്നിട്ടപ്പോള്‍ ഇതിനെക്കുറിച്ച് ആരോടെങ്കിലും പറയണമെന്ന് തോന്നി. പെട്ടെന്ന് മനസ്സിലേക്ക് എത്തിയത് വി.ഡി. സതീശന്‍ സാറിന്റെ മുഖമാണ്. ആരെങ്കിലും എനിക്ക് പുസ്തകം റെക്കമെന്റു ചെയ്താല്‍ ഞാനത് വാങ്ങി വായിക്കാറുണ്ട് എന്ന് അദ്ദേഹമൊരു അഭിമുഖത്തില്‍ പറഞ്ഞത് ഓര്‍മ്മ വന്നു.
വാട്‌സപ്പില്‍ പുസ്തകത്തെക്കുറിച്ച് ഒരു മെസേജ് അയച്ചു. അങ്ങ് ഇതു വാങ്ങുന്നുണ്ടെങ്കില്‍ ഒരു കോപ്പി എനിക്കു കൂടി അയയ്ക്കുമോ എന്നൊരു റിക്വസ്റ്റും വെച്ചു. തിരക്കുപിടിച്ച ആളല്ലെ. വാട്‌സപ്പ് നോക്കുമോ എന്നുപോലും എനിക്ക് സംശയമായിരുന്നു. ഞാനത് മറക്കുകയും ചെയ്തു. അന്നു രാത്രി പത്തരയോടെ എനിക്കൊരു വോയിസ് മെസ്സേജ് വന്നു. പുസ്തകം ഞാന്‍ വാങ്ങും. താങ്കള്‍ക്ക് ഒരു കോപ്പി അയയ്ക്കാം.. അഡ്രസ് തരണമെന്നൊരു അഭ്യര്‍ത്ഥനയും. ടെക്സ്റ്റ് മെസേജായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ സ്റ്റാഫ് ആരെങ്കിലും മറുപടി തന്നതാണെന്ന് ഞാന്‍ വിചാരിക്കുമായിരുന്നു.
ഇത്രയും തിരക്കുള്ള ഒരാള്‍ വളരെ പെട്ടെന്നു തന്നെ പ്രതികരിച്ചത് എന്നെ അത്ഭുതപ്പെടുത്തി. അഡ്രസ്സ് കൊടുത്തു. എപ്പോഴെങ്കിലും അതു തപാല്‍ വഴി വരുമെന്നാണ് ഞാന്‍ കരുതിയത്. ചിലപ്പോള്‍ അദ്ദേഹമത് മറക്കാനും സാധ്യതയുണ്ട് എന്നു വിചാരിച്ചു..
പുസ്തകം വാങ്ങി വെച്ചിട്ടുണ്ട്. ഒന്നുകൂടി വിലാസം അയയ്ക്കുമോ എന്നും ചോദിച്ച്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും അദ്ദേഹത്തിന്റെ മെസേജ്.
പ്രിയ വി.ഡി. സതീശന്‍ സര്‍,
You have amazed me again.
ഒരു പുസ്തകം എനിക്ക് സമ്മാനമായി നല്‍കുന്നതിലല്ല. അതിനേക്കാള്‍ ഏറെയായി എന്നെപ്പോലെ ഒരു സാധാരണക്കാരനോട് ഇത്രയും പ്രോംപ്റ്റായി ഇടപെടുന്ന അങ്ങയുടെ സ്‌നേഹത്തിന് ഒരു പൌരന്‍ എന്ന നിലയില്‍ ഞാന്‍ നന്ദി പറയുന്നു.
താങ്കള്‍ക്ക് ഇനിയും ഏറെ ഉയര്‍ച്ചകള്‍ രാഷ്ട്രീയത്തിലുണ്ടാവട്ടെയെന്ന് ആശംസിക്കുന്നു. ഒപ്പം വ്യക്തിജീവിതത്തില്‍ എല്ലാ നന്മകളും നേരുന്നു.
ഈ കുഞ്ഞെഴുത്തിനെ
ഒരു പുസ്തകപ്രേമിക്ക് മറ്റൊരു പുസ്തകപ്രേമിയോടുള്ള ആദരവും സ്‌നേഹവുമായി കാണണമെന്ന് പ്രിയ വായനക്കാരോട് ഒരു അഭ്യര്‍ത്ഥനയുണ്ട്..
ഏവര്‍ക്കും വായനാദിനത്തിന്റെ ആശംസകള്‍..
സ്‌നേഹത്തോടെ
നൊറോണ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments