
5ജിയിലും എഐയിലും ബിഎസ്എൻഎല്‍ കുതിക്കും! കരുത്തായി ആഗോള ഭീമന്മാർ, ജബൽപൂർ പുതിയ ടെക് ഹബ്ബാകും
ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ കുതിപ്പിന് ആക്കം കൂട്ടി, പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ആഗോള ടെക് ഭീമന്മാരുമായി കൈകോർക്കുന്നു. 5ജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സൈബർ സുരക്ഷ, നെറ്റ്‌വർക്കിംഗ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിൽ വിദഗ്ധരെ വാർത്തെടുക്കുന്നതിനായി എറിക്സൺ, ക്വാൽകോം, സിസ്കോ, നോക്കിയ എന്നീ നാല് പ്രമുഖ കമ്പനികളുമായി ബിഎസ്എൻഎൽ തന്ത്രപരമായ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
മധ്യപ്രദേശിലെ ജബൽപൂരിലുള്ള ബിഎസ്എൻഎല്ലിന്റെ പ്രമുഖ പരിശീലന കേന്ദ്രമായ ഭാരത് രത്‌ന ഭീം റാവു അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെലികോം ട്രെയ്നിംഗിനെ (BRBRAITT) ഒരു ദേശീയ ടെലികോം ഇന്നൊവേഷൻ, റിസർച്ച് ആൻഡ് ട്രെയ്നിംഗ് സെന്ററായി (TIRTC) ഉയർത്തുക എന്ന ബൃഹത് പദ്ധതിയുടെ ആദ്യപടിയാണിത്. പ്രധാനമന്ത്രിയുടെ ‘സ്കിൽ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ എന്നീ ദൗത്യങ്ങൾക്ക് കരുത്തേകുന്ന ഈ സംരംഭം, വ്യവസായത്തിന് ആവശ്യമായ വൈദഗ്ധ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു.
“ഇതൊരു ചരിത്രപരമായ ചുവടുവെപ്പാണ്. ഇന്ത്യ ഇനി ‘മേക്ക് ഇൻ ഇന്ത്യ’ മാത്രമല്ല, ‘മേക്ക് ഫോർ ദ വേൾഡ്’ (ലോകത്തിനായി നിർമ്മിക്കുക) എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ആ പരിവർത്തനത്തിന്റെ ഹൃദയഭാഗത്ത് ജബൽപൂർ ഉണ്ടാകും,” കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഒരു കോടിയിലധികം രൂപയുടെ പ്രാരംഭ നിക്ഷേപത്തിൽ, പ്രതിവർഷം 2,000-ത്തിലധികം വിദ്യാർത്ഥികൾക്ക് ഈ കേന്ദ്രത്തിൽ പരിശീലനം നൽകും. സർക്കാരും വ്യവസായവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും, ഒരുമിച്ച് പ്രവർത്തിച്ച് യുവാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ മികച്ച മാതൃകയാണിതെന്ന് ടെലികോം സെക്രട്ടറി ഡോ. നീരജ് മിത്തൽ അഭിപ്രായപ്പെട്ടു. ബിഎസ്എൻഎൽ ജീവനക്കാർക്ക് മാത്രമല്ല, മറ്റ് ടെലികോം സേവന ദാതാക്കളിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഈ കേന്ദ്രം പ്രയോജനപ്പെടുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും വലിയ ഉത്തേജനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള ഭീമന്മാരുടെ പങ്കാളിത്തം ഇങ്ങനെ:
- എറിക്സൺ: 5ജിയിൽ വൈദഗ്ധ്യം നൽകുന്നതിനായി ഒരു ‘സെന്റർ ഓഫ് എക്സലൻസ്’ സ്ഥാപിക്കും. പ്രതിവർഷം 2000-ത്തിലധികം വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പരിശീലനവും ഓൺലൈൻ പഠന സൗകര്യവും ഒരുക്കും.
- ക്വാൽകോം: 5ജി, എഐ എന്നിവയിൽ നൂതന പരിശീലനം നൽകുന്നതിനായി ഒരു ‘ക്വാൽകോം ഇൻസ്റ്റിറ്റ്യൂട്ട്’ സ്ഥാപിക്കും. ഓൺലൈൻ കോഴ്സുകൾ, ലൈവ് സെഷനുകൾ, ഇന്റേൺഷിപ്പ് എന്നിവ ഇതിന്റെ ഭാഗമാകും.
- സിസ്കോ: നെറ്റ്‌വർക്കിംഗ്, സൈബർ സുരക്ഷ, ഐടി ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനായി ‘സിസ്കോ നെറ്റ്‌വർക്കിംഗ് അക്കാദമി പ്രോഗ്രാം’ ഉപയോഗപ്പെടുത്തും.
- നോക്കിയ: 5ജി, എഐ/എംഎൽ എന്നിവയിൽ പരിശീലനം നൽകുന്നതിനായി ഒരു ‘സെന്റർ ഓഫ് എക്സലൻസും’ ‘എഐ/എംഎൽ ലാബും’ സ്ഥാപിക്കും. പ്രതിവർഷം 300 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും.
ഈ പങ്കാളിത്തത്തിലൂടെ, ഭാവിയിലെ സാങ്കേതികവിദ്യകളിൽ വൈദഗ്ധ്യമുള്ള ഒരു യുവതലമുറയെ സൃഷ്ടിച്ച്, ആഗോളതലത്തിൽ മത്സരക്ഷമതയുള്ള ഒരു ഡിജിറ്റൽ ഇന്ത്യയെ രൂപപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.