
ട്രംപിന്റെ പുതിയ നിയമം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി; നാടുകടത്തൽ ഭീഷണി, പണമയക്കുന്നതിനും നികുതി
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച പുതിയ കുടിയേറ്റ നിയമം അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയാകുന്നു. ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന് പേരിട്ടിരിക്കുന്ന നിയമപ്രകാരം, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും നാടുകടത്താനുമായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന് (ICE) 170 ബില്യൺ ഡോളറിന്റെ അധിക ഫണ്ടാണ് അനുവദിച്ചിരിക്കുന്നത്. ഇത് വിദ്യാർത്ഥികൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
വിസ കാലാവധി ഒരു ദിവസം കഴിഞ്ഞാൽ പോലും നാടുകടത്തൽ ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടി വരുമെന്ന ഭയത്തിലാണ് വിദ്യാർത്ഥികൾ. പഠനശേഷം താത്ക്കാലികമായി ജോലി ചെയ്യാൻ അനുമതി നൽകുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയ്നിംഗ് (OPT) കാലയളവിലുള്ള വിദ്യാർത്ഥികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക.
പണമയക്കുന്നതിനും 1% നികുതി
പുതിയ നിയമത്തിലെ മറ്റൊരു പ്രധാന വ്യവസ്ഥ, വിദേശത്തേക്ക് പണമയക്കുന്നതിന് 1% നികുതി ഏർപ്പെടുത്തിയതാണ്. നാട്ടിലേക്ക് പണമയച്ച് കുടുംബത്തെ സഹായിക്കുകയോ, വിദ്യാഭ്യാസ വായ്പ തിരിച്ചടക്കുകയോ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇത് വലിയ സാമ്പത്തിക ഭാരമുണ്ടാക്കും. ഉദാഹരണത്തിന്, 1000 ഡോളർ ഇന്ത്യയിലേക്ക് അയക്കുമ്പോൾ 10 ഡോളർ നികുതിയായി നൽകേണ്ടി വരും. 2026 ജനുവരി 1 മുതലാണ് ഈ നികുതി പ്രാബല്യത്തിൽ വരിക.
സോഷ്യൽ മീഡിയയ്ക്കും കർശന നിരീക്ഷണം
ട്രംപ് ഭരണകൂടം അധികാരത്തിൽ വന്നതിന് ശേഷം, വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉൾപ്പെടെ കർശനമായി നിരീക്ഷിക്കാൻ തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമം വരുന്നത്. “വിദ്യാർത്ഥികൾ ഇപ്പോൾ എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത പുലർത്തുകയാണ് – അവരുടെ സോഷ്യൽ മീഡിയ, സാമ്പത്തിക ഇടപാടുകൾ, വിസ സ്റ്റാറ്റസ് എന്നിവയിലെല്ലാം. ഈ പുതിയ നികുതി അവരുടെ ആശങ്ക വർധിപ്പിക്കുകയേയുള്ളൂ,” എന്ന് ഫോറിൻ അഡ്മിറ്റ്സ് സ്ഥാപകൻ നിഖിൽ ജെയിൻ പറഞ്ഞു. പല വിദ്യാർത്ഥികളും തങ്ങളുടെ പഴയ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുകയും, ഓൺലൈൻ പ്രവർത്തനങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നുണ്ട്.
കാനഡയും യൂറോപ്പും പുതിയ ലക്ഷ്യസ്ഥാനങ്ങൾ?
അമേരിക്കയിലെ കർശനമായ കുടിയേറ്റ നിയമങ്ങൾ, വിദേശ വിദ്യാഭ്യാസം സ്വപ്നം കാണുന്ന പല ഇന്ത്യൻ വിദ്യാർത്ഥികളെയും മറ്റ് രാജ്യങ്ങളിലേക്ക് ആകർഷിച്ചേക്കാം. “ഗവേഷണത്തിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ഉയർന്ന നിലവാരത്തിലുള്ള വിദ്യാർത്ഥികൾക്ക് അമേരിക്ക ഇപ്പോഴും ആകർഷകമായിരിക്കും. എന്നാൽ, ഇടത്തരം സർവകലാശാലകളെ ലക്ഷ്യമിടുന്നവർ കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറാൻ സാധ്യതയുണ്ട്,” എന്ന് കോളെജിഫൈ സഹസ്ഥാപകൻ ആദർശ് ഖണ്ഡേൽവാൾ പറയുന്നു.