
“അവർക്ക് വേണ്ടത് ചികിത്സ, മീഡിയാ ശ്രദ്ധയല്ല”; മുൻ ഭാര്യയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ബാലയും കോകിലയും
കൊച്ചി: മുൻ ഭാര്യയും ഡോക്ടറുമായ എലിസബത്ത് ഉദയൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ബാലയും ഭാര്യ കോകിലയും. എലിസബത്തിന് വേണ്ടത് ചികിത്സയാണെന്നും, തന്നെയും പുതിയ കുടുംബത്തെയും വെറുതെ വിടണമെന്നും ബാല വീഡിയോയിലൂടെ അഭ്യർത്ഥിച്ചു. ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച എലിസബത്ത്, താൻ മരിച്ചാൽ ഉത്തരവാദി ബാലയാണെന്ന് ആരോപിക്കുകയും ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബാലയുടെ പ്രതികരണം.
“മനസ്സ് തുറന്ന് ചില കാര്യങ്ങൾ സംസാരിക്കണമെന്ന് തോന്നി. എനിക്ക് ലിവർ ട്രാൻസ്പ്ലാന്റ് ചെയ്തതാണ്, കഴിഞ്ഞ ആഴ്ച പോലും ആശുപത്രിയിലായിരുന്നു. എങ്കിലും ജീവിതത്തിൽ പോരാടി മുന്നോട്ട് പോകുകയാണ്. ഇതുവരെ കിട്ടാതെ പോയ ഒരു കുടുംബജീവിതം ഇപ്പോൾ ലഭിച്ചു. എന്തിനാണ് അതിനെ ശല്യപ്പെടുത്തുന്നത്?” എന്ന് ബാല ചോദിച്ചു.
‘ഞാൻ ആരെയും ബലാത്സംഗം ചെയ്തിട്ടില്ല’
തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച ബാല, താൻ ആരെയും ബലാത്സംഗം ചെയ്തിട്ടില്ലെന്ന് ദൈവത്തെ സാക്ഷിയാക്കി പറഞ്ഞു. “അവർക്ക് വേണ്ടത് മെഡിക്കൽ അറ്റൻഷനാണ്, മീഡിയാ അറ്റൻഷനല്ല. ഇല്ലാത്ത കാര്യങ്ങൾ പറയുമ്പോൾ അവർക്ക് വാർത്ത വരുന്നു. സ്വന്തം കുടുംബം പോലും അവരെ നോക്കുന്നില്ല, അതിൽ എനിക്ക് വിഷമമുണ്ട്,” ബാല പറഞ്ഞു.
“സത്യങ്ങൾ പുറത്തുവരണമെങ്കിൽ ഞാനും അത്രയും മോശം നിലവാരത്തിലേക്ക് താഴേണ്ടി വരും. അത് നിങ്ങൾക്ക് നേരംപോക്കായിരിക്കും, പക്ഷെ ഞങ്ങളുടെ ഭാവിയെ അത് മോശമായി ബാധിക്കും. ദയവ് ചെയ്ത് ഞങ്ങളെ വെറുതെ വിടുക,” എന്ന് ബാലയും കോകിലയും ഒരുമിച്ച് അഭ്യർത്ഥിച്ചു.
മുൻപും സമാനമായ ആരോപണങ്ങൾ ഉണ്ടായപ്പോൾ കോടതിയെ സമീപിച്ചിരുന്നതായും, കോടതി ഉത്തരവുണ്ടായിട്ടും ഉപദ്രവം തുടരുകയാണെന്നും ബാല കൂട്ടിച്ചേർത്തു. താൻ കള്ളനല്ലെന്നും, തന്റെ കുടുംബം മോശക്കാരല്ലെന്നും വിശ്വസിക്കുന്നവരോട് പറഞ്ഞുകൊണ്ടാണ് ബാല വീഡിയോ അവസാനിപ്പിക്കുന്നത്.