
വിസ മുതൽ വർക്ക് ഫ്രം ഹോം വരെ, ജൂലൈയിൽ യുഎഇയിൽ വരുന്നത് 6 വമ്പൻ മാറ്റങ്ങൾ
ദുബായ്: യുഎഇയിലെ താമസക്കാർക്ക് നിർണായകമായ ആറ് സുപ്രധാന മാറ്റങ്ങൾ ജൂലൈ മുതൽ പ്രാബല്യത്തിൽ വരുന്നു. ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് വിസയില്ലാതെ അർമേനിയയിലേക്ക് യാത്ര ചെയ്യാനുള്ള അവസരം മുതൽ ദുബായിലെ സർക്കാർ ജീവനക്കാർക്കുള്ള വേനൽക്കാലത്തെ പുതിയ ജോലി സമയം വരെ ഇതിൽ ഉൾപ്പെടുന്നു. പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ ഇവയാണ്.
1. അർമേനിയയിലേക്ക് ഇനി വിസ വേണ്ട
ജൂലൈ 1 മുതൽ, യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ താമസക്കാർക്ക് (residents) അർമേനിയയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ആറ് മാസമെങ്കിലും കാലാവധിയുള്ള ജിസിസി റെസിഡൻസി പെർമിറ്റ് കൈവശമുള്ളവർക്ക് 90 ദിവസം വരെ അർമേനിയയിൽ വിസയില്ലാതെ തങ്ങാം.
2. പുകവലി നിർത്താൻ പുതിയ മാർഗ്ഗം
പുകവലി നിർത്താൻ സഹായിക്കുന്ന, പുകയില രഹിത നിക്കോട്ടിൻ പൗച്ചുകളുടെ വിൽപ്പനയ്ക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ജൂലൈ 29 മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. സിഗരറ്റിനും വേപ്പിംഗിനും പകരമായി, ദോഷം കുറഞ്ഞ ഒരു മാർഗ്ഗം എന്ന നിലയിലാണ് ഇതിന് അംഗീകാരം നൽകിയിരിക്കുന്നത്.
3. ദുബായ് സർക്കാർ ജീവനക്കാർക്ക് ‘ഫ്ലെക്സിബിൾ സമ്മർ’
ദുബായിലെ സർക്കാർ ജീവനക്കാർക്കായി ‘ഔർ ഫ്ലെക്സിബിൾ സമ്മർ’ എന്ന പേരിൽ ജോലി സമയത്തിൽ ഇളവുകൾ പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ സെപ്റ്റംബർ 12 വരെയാണ് ഈ ആനുകൂല്യം. ജീവനക്കാരുടെ സൗകര്യാർത്ഥം ജോലി സമയം ക്രമീകരിക്കാൻ സ്ഥാപനങ്ങൾക്ക് ഇതിലൂടെ സാധിക്കും.
4. സ്വദേശിവൽക്കരണം: സമയപരിധി ജൂലൈ 1
50-ൽ അധികം ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾക്ക്, വർഷത്തിന്റെ ആദ്യ പകുതിയിലെ സ്വദേശിവൽക്കരണ ലക്ഷ്യം കൈവരിക്കാനുള്ള അവസാന തീയതി ജൂലൈ 1 ആണ്. ഈ തീയതി മുതൽ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) സ്ഥാപനങ്ങളിൽ പരിശോധന ആരംഭിക്കും. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ഓരോ ഒഴിവുകൾക്കും പ്രതിമാസം 9,000 ദിർഹം പിഴ ചുമത്തും.
5. ദുബായിൽ പുതിയ ആരോഗ്യ ചട്ടങ്ങൾ
ജോലി, റെസിഡൻസി എന്നിവയ്ക്കുള്ള മെഡിക്കൽ പരിശോധനകൾ, ഡ്രൈവിംഗ് ലൈസൻസ്, ദുബായിലേക്ക് വരുന്ന യാത്രക്കാർക്കുള്ള ആരോഗ്യ പ്രോട്ടോക്കോളുകൾ എന്നിവ സംബന്ധിച്ച് പുതിയ ആരോഗ്യ നിയമം പ്രാബല്യത്തിൽ വരുന്നു.
6. സ്കൂളുകൾക്ക് വേനലവധി
യുഎഇയിലെ മിക്ക സ്കൂളുകളും ജൂൺ അവസാനത്തോടെയോ ജൂലൈ ആദ്യമോ രണ്ട് മാസത്തെ വേനലവധിക്കായി അടയ്ക്കും. ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് ജൂൺ 30-ന് അവധി ആരംഭിച്ച് ഓഗസ്റ്റ് 25-ന് ക്ലാസുകൾ പുനരാരംഭിക്കും.