
ഡിജിപി പട്ടികയിൽ നിന്ന് വിവാദ നായകൻ അജിത് കുമാറിനെ വെട്ടി യുപിഎസ്‍സി
ന്യൂഡൽഹി: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ള അന്തിമപട്ടികയിൽ നിന്ന് വിവാദ എഡിജിപി എം.ആർ. അജിത് കുമാറിനെ ഒഴിവാക്കി. സംസ്ഥാന സർക്കാർ നൽകിയ ആറംഗ പട്ടികയിൽ നിന്ന് മൂന്നുപേരെ ഉൾപ്പെടുത്തിക്കൊണ്ട് യുപിഎസ്‍സി ചുരുക്കപ്പട്ടികയ്ക്ക് അന്തിമരൂപം നൽകി. സർക്കാരിന്റെ താല്പര്യങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഈ തീരുമാനം.

ഡൽഹിയിൽ വ്യാഴാഴ്ച ചേർന്ന യുപിഎസ്‍സി യോഗത്തിലാണ് അന്തിമപട്ടിക തയ്യാറാക്കിയത്. റോഡ് സേഫ്റ്റി കമ്മിഷണർ നിധിൻ അഗർവാൾ, ഐബി സ്പെഷ്യൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചത്. ഈ മൂന്നുപേരിൽ ഒരാളെ സംസ്ഥാന സർക്കാർ അടുത്ത പോലീസ് മേധാവിയായി തിരഞ്ഞെടുക്കും.
സർക്കാർ നീക്കം പാളി
എം.ആർ. അജിത് കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് കൊണ്ടുവരാൻ സംസ്ഥാന സർക്കാർ വലിയ താല്പര്യം കാണിച്ചിരുന്നു. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രമേ പരിഗണിക്കൂ എന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും, എഡിജിപി റാങ്കിലുള്ള അജിത് കുമാറിനെ ഉൾപ്പെടുത്തുന്നതിനായി സംസ്ഥാനം പ്രത്യേക പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കുകയായിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത് എന്നിവരും അന്തിമപട്ടികയിൽ നിന്ന് പുറത്തായി.
വിവാദങ്ങൾ വിനയായി
പി.വി. അൻവർ എംഎൽഎ ഉന്നയിച്ച സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള ആരോപണങ്ങളും, തൃശ്ശൂർ പൂരം നടത്തിപ്പിലെ ഗുരുതര വീഴ്ച സംബന്ധിച്ച വകുപ്പുതല അന്വേഷണ റിപ്പോർട്ടും എം.ആർ. അജിത് കുമാറിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. പൂരം അലങ്കോലമായതിൽ അജിത് കുമാറിന് ഗുരുതര വീഴ്ചയുണ്ടായെന്ന് നിലവിലെ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹെബ് തന്നെ റിപ്പോർട്ട് നൽകിയിരുന്നു. ഈ വിവാദങ്ങളെല്ലാം യുപിഎസ്‍സി ഗൗരവമായി പരിഗണിച്ചുവെന്നാണ് സൂചന.
നിലവിലെ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹെബ് ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.