KeralaNews

ശക്തമായ മഴ: നാളെ 3 ജില്ലകളിലും കോതമംഗലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ, മുൻകരുതലിന്റെ ഭാഗമായി മൂന്ന് ജില്ലകളിൽ സമ്പൂർണ്ണമായും ഒരു താലൂക്കിൽ ഭാഗികമായും നാളെ (ജൂൺ 26, വ്യാഴാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലും, എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലുമാണ് അവധി.

പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സിബിഎസ്ഇ, ഐസിഎസ്‌സി, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

അവധി ബാധകമായ സ്ഥലങ്ങൾ

  • തൃശ്ശൂർ: ജില്ലയിൽ കനത്തമഴ തുടരുന്നതിനാലാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചത്.
  • വയനാട്: ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി നൽകിയത്.
  • ഇടുക്കി: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകളിലൂടെ ക്രമീകരിക്കാൻ ജില്ലാ കളക്ടർ സ്ഥാപനമേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
  • കോതമംഗലം താലൂക്ക്: മലയോര മേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌ അവധി പ്രഖ്യാപിച്ചു.

ശ്രദ്ധിക്കുക

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. റെസിഡൻഷ്യൽ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കില്ല.