
പിഎസ്‌സി അംഗങ്ങൾക്കും ചെയർമാനും ഇനി ഉയർന്ന പെൻഷൻ! സർക്കാർ സർവീസിനൊപ്പം പിഎസ്‌സി കാലവും പരിഗണിക്കും
തിരുവനന്തപുരം: സർക്കാർ ജീവനക്കാരായിരുന്ന പിഎസ്‌സി അംഗങ്ങൾക്കും ചെയർമാനും പെൻഷൻ ആനുകൂല്യത്തിന് സർക്കാർ സർവീസിനൊപ്പം പിഎസ്‌സി അംഗമെന്ന നിലയിലുള്ള സേവനകാലവും പരിഗണിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ ഈ വിഭാഗക്കാർക്ക് ഉയർന്ന പെൻഷൻ ലഭിക്കും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സർക്കാർ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.
പിഎസ്‌സി അംഗങ്ങളായിരുന്ന പി. ജമീല, ഡോ. ഗ്രീഷ്മ മാത്യു, ഡോ. കെ. ഉഷ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയത്.
സർക്കാർ സർവീസിൽ സേവനമനുഷ്ഠിച്ച ശേഷം പിഎസ്‌സി ചെയർമാൻ, അംഗങ്ങൾ എന്ന നിലയിൽ വിരമിക്കുന്ന മുഴുവൻ പേർക്കും അവരുടെ സർക്കാർ സർവീസിലെ സേവനകാലത്തോടൊപ്പം പിഎസ്‌സി അംഗമെന്ന നിലയിലുള്ള സേവനകാലം കൂടി പരിഗണിച്ച് പെൻഷൻ ആനുകൂല്യങ്ങൾ പുനർനിശ്ചയിക്കുന്നതിന് അനുമതി നൽകി എന്ന് ഉത്തരവിൽ പറയുന്നു.
നേരത്തെ പിഎസ്‌സി ചെയർമാന്റെ ശമ്പളം 3.87 ലക്ഷവും അംഗത്തിൻ്റെ ശമ്പളം 3.80 ലക്ഷവുമായി വർദ്ധിപ്പിച്ചിരുന്നു. ചെയർമാന്റെ പെൻഷൻ രണ്ടര ലക്ഷവും അംഗങ്ങളുടേത് രണ്ടേകാൽ ലക്ഷവുമായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതോടെ സർക്കാർ സർവീസിലുണ്ടായിരുന്നതിനേക്കാൾ ഉയർന്ന പെൻഷൻ പിഎസ്‌സി അംഗമെന്ന നിലയിൽ ലഭിക്കുന്ന സ്ഥിതിയായി.
പരാതിക്കാർ ആദ്യം സർക്കാർ സർവീസിലെ പെൻഷനുള്ള ഓപ്ഷനാണ് നൽകിയിരുന്നത്. എന്നാൽ പിഎസ്‌സിയിൽ ഉയർന്ന പെൻഷൻ ലഭിക്കുന്ന ഘട്ടത്തിൽ അത് ലഭിക്കണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലെ നിയമങ്ങൾ അനുസരിച്ച് അത് സാധ്യമല്ലെന്നും ഉയർന്ന പെൻഷൻ നൽകാൻ കഴിയില്ലെന്നും സർക്കാർ അറിയിച്ചു. ഇതിനെത്തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്.
മുൻപ് ഇത്തരത്തിൽ റീഓപ്ഷൻ നൽകിയിട്ടുണ്ടെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. സർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. ഈ കാര്യങ്ങൾ പരിഗണിച്ച മന്ത്രിസഭാ യോഗമാണ് പെൻഷൻ ആനുകൂല്യത്തിന് സർക്കാർ സർവീസിനൊപ്പം പിഎസ്‌സി സർവീസ് കാലയളവും ഉൾപ്പെടുത്താമെന്ന് ഉത്തരവിറക്കിയത്.