Crime

അപകടത്തിൽപെട്ട ഭാര്യയെ കാറിൽ ഉപേക്ഷിച്ച് കടന്ന ഭർത്താവിനെ അറസ്റ്റ് ചെയ്തു

ഇടുക്കി ഉപ്പുതറ ആലടിയിൽ ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യയെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷാണ് ഭാര്യ നവീനയെ അപകടത്തിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ നവീനയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പൊലീസ് നൽകുന്ന വിവരം അനുസരിച്ച്, അപകടം നടക്കുന്നതിന് തൊട്ടുമുൻപ് മദ്യലഹരിയിലായിരുന്ന സുരേഷ് വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് അപകടത്തിൽപ്പെട്ട കാറിൽ നവീന കുടുങ്ങിക്കിടക്കുന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് നാട്ടുകാർ ഉപ്പുതുറ പൊലീസിനെ അറിയിക്കുകയും, പൊലീസ് സ്ഥലത്തെത്തി നവീനയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഭാര്യയെ അപായപ്പെടുത്താൻ സുരേഷ് മനഃപൂർവം അപകടം സൃഷ്ടിച്ചതാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ, ഭാര്യ സ്റ്റിയറിംഗിൽ പിടിച്ച് വലിച്ചതാണ് അപകടത്തിന് കാരണമെന്ന് സുരേഷ് പൊലീസിനോട് പറഞ്ഞതായാണ് വിവരം. സംഭവത്തിൽ ഉപ്പുതുറ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.