Kerala Government NewsMalayalam Media LIve

ടൈപ്പിസ്റ്റ്/ഓഫീസ് അറ്റൻഡന്റ് നിയമന നിരോധനം: വിവാദ ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം: ഓഫീസ് അറ്റൻഡൻ്റ്, ടൈപ്പിസ്റ്റ് തസ്തികകളിൽ നിയമന നിരോധനത്തിലേക്ക് നയിക്കുന്ന ധന ദൃഢീകരണ ഉത്തരവിലെ ഭാഗം ഭേദഗതി ചെയ്ത് ഉത്തരവിറങ്ങി. ചെലവ് ചുരുക്കലിന്റെ ഭാഗമായി തസ്തികകളിലേക്ക് നിയമനം പാടില്ലെന്ന സർക്കാർ തീരുമാനമാണ് മാറ്റിയിരിക്കുന്നത്.

ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡൻ്റ് ജീവനക്കാരുടെ സേവന ആവശ്യകത നന്നേ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത തസ്തികകളിൽ വരുന്ന ഒഴിവുകൾ കരാർ അടിസ്ഥാനത്തില്‍ മാത്രമേ നികത്താവൂ എന്ന വിവാദ ഭാഗമാണ് ഭേദഗതി ചെയ്തത്.

“ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള ഓഫീസുകളിൽ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്റ് എന്നീ തസ്തികകളിലെ ജീവനക്കാരുടെ സേവന ആവശ്യകത നന്നേ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ അനിവാര്യമായ തസ്തികകളുടെ എണ്ണം വകുപ്പ് മേധാവികൾ കണക്കാക്കേണ്ടതാണ്. അധികമായി കണ്ടെത്തുന്ന തസ്തികകൾക്കു പകരം ആവശ്യമെങ്കിൽ സർക്കാരിന് യാതൊരു അധിക സാമ്പത്തിക ബാധ്യതയും വരാത്ത രീതിയിൽ സമകാലിക പ്രസക്തിയുള്ള പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യതകൾ ഭരണ വകുപ്പ് പരിശോധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടതാണ് – -എന്നാണ് ഭേദഗതി.

ചെലവ് ചുരുക്കലിന്റെ ഭാഗമായി ഈ തസ്തികകളിലേക്ക് പി.എസ്.സി വഴി ഇനിയൊരു നിയമനം ഉണ്ടാകില്ലെന്ന അവസ്ഥ മലയാളം മീഡിയ ലൈവ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു. യുവജന സംഘടനകളുടെ പ്രതിഷേധത്തിന് കാരണമാകുന്ന് കണ്ടാണ് ഭേദഗതി.