
ക്ഷാമ ആശ്വാസം: ബാലഗോപാല്‍ ആവിയാക്കിയത് 118 മാസത്തെ കുടിശിക; പെൻഷൻകാർക്ക് നഷ്ടം 2,61,876 രൂപ വരെ
പ്രഖ്യാപിച്ച ക്ഷാമ ആശ്വാസത്തിന് കുടിശിക അനുവദിക്കാത്ത കെ.എൻ. ബാലഗോപാലിന്റെ നടപടി മൂലം പെൻഷൻകാർക്ക് നഷ്ടം 36,110 രൂപ മുതല്‍ 2,61,876 രൂപ വരെ. കെ.എൻ. ബാലഗോപാല്‍ ധനമന്ത്രിയായതിന് ശേഷം മൂന്ന് ക്ഷാമ ആശ്വാസമാണ് ഇതുവരെ പ്രഖ്യാപിച്ചത്. 2021 ജനുവരിയിലെയും 2021 ജൂലൈ, 2022 ജനുവരി തുടങ്ങിയ സമയത്തെ ക്ഷാമ ആശ്വാസമാണ് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. 2021 ജനുവരിയില്‍ രണ്ട് ശതമാനം, 2021 ജൂലൈയില്‍ മൂന്ന് ശതമാനം, 2022 ജനുവരിയില്‍ മൂന്ന് ശതമാനം എന്നിങ്ങനെയാണ് ക്ഷാമ ആശ്വാസം പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ച ക്ഷാമ ആശ്വാസത്തിന് കുടിശിക അനുവദിക്കാത്തത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. 2021 ന് മുമ്പ് പ്രഖ്യാപിക്കുന്ന ക്ഷാമബത്തക്കും ക്ഷാമ ആശ്വാസത്തിനും കുടിശികയും അനുവദിക്കുമായിരുന്നു. ജീവനക്കാർക്ക് കുടിശിക അവരുടെ പി.എഫ് അക്കൌണ്ടിലേക്കും പെൻഷൻകാർക്ക് കുടിശിക പണമായും നല്‍കിയിരുന്നു.
ബാലഗോപാല്‍ ധനമന്ത്രിയായതിന് ശേഷം ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ജുഡീഷ്യല്‍ ഓഫീസർമാർ തുടങ്ങിയവർക്ക് മാത്രമേ ക്ഷാമബത്തയും ക്ഷാമ ആശ്വാസവും പ്രഖ്യാപിക്കുമ്പോള്‍ കുടിശിക പണമായി നല്‍കുന്നുള്ളൂ. സർക്കാർ ജീവനക്കാരുടെ കുടിശികയും പെൻഷൻകാരുടെ കുടിശികയും ആവിയാക്കി മാറ്റുക എന്നതാണ് ബാലഗോപാലിന്റെ രീതി.
2021 ജനുവരിയിലെ 2 ശതമാനം ക്ഷാമ ആശ്വാസം പ്രഖ്യാപിച്ചപ്പോൾ 39 മാസത്തെ കുടിശിക നിഷേധിച്ചിരുന്നു. 2021 ജൂലൈയിലെ 3 ശതമാനം ക്ഷാമ ആശ്വാസം പ്രഖ്യാപിച്ചപ്പോൾ 40 മാസത്തെ കുടിശികയും പെൻഷൻകാർക്ക് നിഷേധിച്ചിരുന്നു. ഇന്നലെയാണ് 2022 ജനുവരിയിലെ മൂന്ന് ശതമാനം ക്ഷാമആശ്വാസം പ്രഖ്യാപിച്ചത്. അതിലും കുടിശിക നിഷേധിച്ചു. 39 മാസത്തെ കുടിശികയാണ് ഇങ്ങനെ നിഷേധിക്കപ്പെട്ടത്. പ്രഖ്യാപിച്ച മൂന്ന് ക്ഷാമആശ്വാസത്തിലായി മൊത്തം 118 മാസത്തെ കുടിശിക പെൻഷൻകാർക്ക് നഷ്ടപ്പെട്ടു.
ആറര ലക്ഷം പെൻഷൻകാരാണ് സംസ്ഥാനത്തുള്ളത്. ഏറ്റവും കുറഞ്ഞ പെൻഷൻ 11,500 രൂപയാണ്. കൂടിയ പെൻഷൻ 83,400 രൂപയും.
27,428 പേരാണ് 50,000 രൂപയ്ക്ക് മുകളിൽ പെൻഷൻ കൈ പറ്റുന്നവർ. അതായത് 4.21 ശതമാനം പേർക്ക് മാത്രമാണ് 50,000 രൂപയ്ക്ക് മുകളിൽ പെൻഷൻ കിട്ടുന്നത്. അർഹതപ്പെട്ട 118 മാസത്തെ കുടിശിക ആവിയായതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് പെൻഷൻകാർ. 118 മാസത്തെ ക്ഷാമ ആശ്വാസ കുടിശിക ആവിയായതോടെ പെൻഷൻകാരുടെ നഷ്ടം ഇങ്ങനെ. അടിസ്ഥാന പെൻഷന്റെ തോത് അനുസരിച്ച് കുടിശിക നഷ്ടവും വ്യത്യാസപ്പെടും.
അടിസ്ഥാന പെൻഷൻ | 118 മാസത്തെ ക്ഷാമ ആശ്വാസ കുടിശിക നഷ്ടം (രൂപയില്‍) |
11500 | 36110 |
15000 | 47100 |
20000 | 62800 |
25000 | 78500 |
30000 | 94200 |
35000 | 109900 |
40000 | 125600 |
45000 | 141300 |
50000 | 157000 |
55000 | 172700 |
60000 | 188400 |
65000 | 204100 |
70000 | 219800 |
75000 | 235500 |
80000 | 251200 |
83400 | 261876 |