Kerala Government News

ക്ഷാമബത്ത കുടിശിക: ജീവനക്കാരെ ഇടതുഭരണം പോക്കറ്റടിക്കുന്നു: മാർച്ച് 21ന് കരിദിനം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

39 മാസത്തെ കുടിശിക അനുവദിക്കാതെ ഇന്ന് പുറത്തിറക്കിയ ക്ഷാമബത്ത ഉത്തരവിനെതിരെ പ്രതിഷേധം ഉയരുന്നു. ഡിഎ ഉത്തരവിലൂടെ വീണ്ടും 39 മാസത്തെ കുടിശ്ശിക ഇടതുഭരണം കവർന്നെടുത്തുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ് അഭിപ്രായപ്പെട്ടു. പോക്കറ്റടിക്ക് പര്യായമാണ് ഇടതു ഭരണത്തിലെ ക്ഷാമബത്ത ഉത്തരവുകൾ. രണ്ടാം പിണറായി സർക്കാർ പുറപ്പെടുവിച്ച ഡി എ ഉത്തരവുകളെല്ലാം ജീവനക്കാരെ ക്ഷാമത്തിലേക്ക് തള്ളിയിടുന്നവയാണ്. നയാ പൈസയുടെ കുടിശ്ശിക അനുവദിച്ചില്ല.

2022 ജനുവരി മുതലുള്ള ഡി എയാണ് 2025 ഏപ്രിൽ മുതൽ അനുവദിക്കുന്നത്. നാല് വർഷത്തിനുള്ളിൽ വെറും 3 ഗഡു ഡി എ മാത്രമാണ് സർക്കാർ അനുവദിച്ചത്. അപ്പോഴെല്ലാം 39 മാസത്തെ വീതം കുടിശ്ശിക സർക്കാർ ഖജനാവിലേക്ക് കണ്ടു കെട്ടി. ഇനിയും ആറ് ഗഡു ഡി എ അനുവദിക്കാനുണ്ട്. ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയിലെ വാഗ്ദാനങ്ങൾ പോലും പാലിക്കപ്പെടുന്നില്ല.

ഇപ്പോഴത്തെ ഉത്തരവിലൂടെ 26910 രൂപ മുതൽ 195156 രൂപ വരെയും ഇടതുഭരണത്തിൽ ഡി എ കുടിശ്ശിക നിഷേധിച്ചതിലൂടെ മാത്രം 71760 രൂപ മുതൽ 520416 രൂപ വരെയും കവർന്നെടുത്തു. ആകെ 117 മാസത്തെ കുടിശ്ശികയാണ് എൽ ഡി എഫ് സർക്കാർ നഷ്ടപ്പെടുത്തിയതെന്നും ഇതിനെതിരായി മാർച്ച് 21 ന് കരിദിനം ആചരിക്കുമെന്നും
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ്,
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി കുമാരി അജിത , ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അറിയിച്ചു.