News

എവിടെ വച്ചാണ് എക്‌സൈസ് മന്ത്രിയും ഒയാസീസ് കമ്പനിയുടമകളും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്? എം.ബി രാജേഷിനെതിരെ ആക്രമണം കടുപ്പിച്ച് വി.ഡി. സതീശൻ

ഒരു വകുപ്പും അറിയാതെ എക്സൈസ് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം അറിഞ്ഞാണ് ഒയാസിസ്  കമ്പനിയുടെ മദ്യനിർമ്മാണ പ്ലാൻ്റിന്  അനുമതി നൽകിയത് എന്ന പ്രതിപക്ഷ ആരോപണത്തിനുള്ള കൃത്യമായ തെളിവായാണ് കാബിനറ്റ് രേഖ പുറത്ത് വിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

മാധ്യമങ്ങളിലൂടെയോ അല്ലാതെയോ കേരളീയ പൊതു സമൂഹത്തിന് മുന്നിൽ കാബിനറ്റ് നോട്ട് ഇതുവരെ ഉണ്ടായിരുന്നില്ല. മറ്റൊരു വകുപ്പുമായും ചർച്ച ചെയ്യാതെ അതീവ രഹസ്യമായി മദ്യനിർമ്മാണ പ്ലാൻ്റിന് അനുമതി നൽകിയത് എന്തിന് എന്ന ചോദ്യത്തിന് എക്സൈസ് മന്ത്രിക്ക് ഇപ്പോഴും മറുപടിയില്ല.

മദ്യനയം മാറിയത് ആരുമറിഞ്ഞില്ല എന്നായിരുന്നില്ല പ്രതിപക്ഷത്തിൻ്റെ  ആരോപണം. മാറിയ മദ്യനയം അനുസരിച്ച് പുതിയ മദ്യനിർമ്മാണശാലക്ക് അനുമതി കൊടുത്തത് ആരും അറിഞ്ഞില്ലായെന്നായിരുന്നു. കേരളത്തിൽ പ്രത്യേകിച്ച് പാലക്കാട്
ജില്ലയിൽ  സമാനമായ ബിസിനസ്സ് നടത്തുന്ന ഡിസ്റ്റിലറികൾ പോലും അറിയാതെ എങ്ങിനെയാണ് മധ്യപ്രദേശിലും പഞ്ചാബിലും പ്രവർത്തിക്കുന്ന ഒയാസീസ് കമ്പനി മാത്രം ഇതറിഞ്ഞത്? അതിനും മന്ത്രിക്ക് മറുപടിയില്ല.

പുതിയ മദ്യനയം വരുന്നതിന് മുൻപ് എങ്ങിനെയാണ് ഒയാസിസ് കമ്പനി എലപ്പുള്ളി പഞ്ചായത്തിൽ സ്ഥലം വാങ്ങിയത്? കോളജ് തുടങ്ങാൻ എന്ന പേരിലാണ് സ്ഥലം വാങ്ങിയത്. അപ്പോൾ ഒയാസിസ് കമ്പനിക്ക്  മദ്യനിർമ്മാണ ശാല അനുവദിക്കാൻ വേണ്ടി മാത്രം മദ്യനയം മാറ്റുകയായിരുന്നു എന്ന് വ്യക്തം.

രൂക്ഷമായ കുടിവെള്ളക്ഷാമവും കൃഷിക്കാവശ്യമായ വെള്ളത്തിൻ്റെ ദൗർലഭ്യവും അനുഭവിക്കുന്ന വിണ്ടു കീറിക്കിടക്കുന്ന പാലക്കാടിനെയാണ്  സുലഭമായ വെള്ളമുള്ള ജില്ലയാക്കി മന്ത്രി അവതരിപിച്ചത്. മദ്യനിർമ്മാണശാല പൂർത്തിയാകുമ്പോൾ, ആവശ്യമായ വെള്ളമെന്ന പേരിൽ മന്ത്രി പറഞ്ഞ കണക്കും കമ്പനിയുടെ ആവശ്യവും തമ്മിൽ യാതൊരു ബന്ധവുമില്ല.
  
മന്ത്രിസഭ യോഗത്തിന്റെ പരിഗണനയ്ക്കു വച്ച കുറിപ്പിലും ഒയാസിസ് കമ്പനിയെ മുക്തകണ്ഡം പ്രശംസിക്കുന്നുണ്ട്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ 20 വര്‍ഷമായി നടത്തിവിജയിപ്പിച്ച പരിചയ സമ്പന്നത എന്നൊക്കെയാണ് പറയുന്നത്. പക്ഷെ അപ്പോഴും ഇതേ കമ്പനിയുടെ ഉടമ ഡല്‍ഹി മദ്യ നയ കോഴക്കേസില്‍ അറസ്റ്റിലായതും ഹരിയാനയില്‍ നാലു കിലോമീറ്റര്‍ ദൂരത്തില്‍ ബോര്‍വെല്ലിലൂടെ മാലിന്യം തള്ളി ഭൂഗര്‍ഭജലം മലിനപ്പെടുത്തിയതിന് നിയമ നടപടി നേരിടുന്നതും ബോധപൂര്‍വം മറച്ചുവച്ചു. അത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് എക്സൈസ് മന്ത്രിക്ക് ഇപ്പോഴും മറുപടിയില്ല.

മദ്യ ഉല്‍പാദനത്തിന് ആവശ്യമായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ തന്നെ ഉല്‍പാദിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുമെന്ന മദ്യ നയത്തിലെ വ്യവസ്ഥയുടെ മറവിൽ എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ്സ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യ ബോട്ടിലിംഗ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/വൈന്‍ പ്ലാന്റ് എന്നിവയ്ക്ക് ഒറ്റയടിക്ക് അനുമതി നല്‍കിയത് എങ്ങനെ എന്ന ചോദ്യത്തിനും മറുപടിയില്ല.

സ്വന്തം മുന്നണിയിലെ ഘടകകക്ഷികളപ്പോലും ബോധ്യപ്പെടുത്താനാകാത്ത കാര്യങ്ങളാണ് മന്ത്രി പ്രതിപക്ഷത്തെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ മന്ത്രി ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്.

ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അതിനെ വ്യാജ ആരോപണങ്ങൾ കൊണ്ട് പ്രതിരോധിക്കുന്നത് സി.പി.എമ്മിൻ്റെ സ്ഥിരം ശൈലിയാണ്. അത് ഇവിടെ വിലപ്പോകില്ല. ഇനി കാതലായ ഒരു ചോദ്യം കൂടി; എവിടെ വച്ചാണ് എക്‌സൈസ് മന്ത്രിയും ഒയാസീസ് കമ്പനിയുടമകളും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്? എന്താണ് ഡീൽ?

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും ഒയാസിസ് കമ്പനിയുടെ ഭാഗത്ത് നിന്നും ഒരു വിശദീകരണ കുറിപ്പ് പോലും ഇറങ്ങിയിട്ടില്ലെന്നത് അതിശയകരമാണ്. പ്രൊപ്പഗൻഡ മാനേജരെക്കാൾ നന്നായി മന്ത്രി എം.ബി രാജേഷ് കമ്പനിയെ ന്യായീകരിക്കുന്നത് കൊണ്ടാകാം അവർ അതിന് തയാറാകാത്തത്.

വിഷയത്തിൽ ഇടത് മുന്നണിയിലെ ഘടകകക്ഷികളുടെ അഭിപ്രായം കൂടി പ്രതീക്ഷിക്കുന്നുവെന്ന് സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *