മലയോര ജനതയെ സര്‍ക്കാര്‍ വിധിക്ക് വിട്ടു കൊടുത്തിരിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഒന്നും ചെയ്യില്ലെന്ന സര്‍ക്കാര്‍ നിലപാട് തിരുത്തുന്നതിനാണ് മലയോര സമര യാത്രയെന്ന് വി.ഡി സതീശൻ പറഞ്ഞു.
മനുഷ്യ- വന്യജീവി ആക്രമണം സംബന്ധിച്ച വിഷയം നിയമസഭയില്‍ കൊണ്ടു വന്നപ്പോള്‍ കേരളത്തില്‍ വന്യജീവി ആക്രമണം കുറഞ്ഞു വരികയാണെന്നാണ് മന്ത്രി മറുപടി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ അനുസരിച്ചു തന്നെ കേരളത്തില്‍ അതിഭീകരമായി വന്യജീവി ആക്രമണം വര്‍ധിച്ചു വരികയാണ്.
എട്ടു വര്‍ഷത്തിനിടെ ആയിരത്തില്‍ അധികം പേരാണ് കേരളത്തില്‍ മരിച്ചത്. ആറുപതിനായിരം വന്യജീവി ആക്രമണങ്ങളാണ് നടന്നത്. അയ്യായിരം കന്നുകാലികളെയാണ് കൊന്നത്. 2023-24-ല്‍ മാത്രം ഒന്‍പതിനായിരത്തോളം ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. ഒരു കൃഷിയും ചെയ്യാനാകാതെ പട്ടിണിയിലും ഭീതിയിലുമാണ് മലയോര ജനത.
മാനന്തവാടിയില്‍ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ സ്ത്രീയെയാണ് കടുവ കടിച്ചു കൊന്നത്. ആന, കടുവ, കാട്ടുപോത്ത് ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങി വരികയാണ്. പരമ്പരാഗതമായ ചെയ്യുന്ന ചില പ്രതിരോധ സംവിധാനങ്ങളുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അതൊന്നും കഴിഞ്ഞ മൂന്നു വര്‍ഷമായി ചെയ്യുന്നില്ല. മതിലോ കിടങ്ങോ സൗരോര്‍ജ്ജ വേലിയോ നിര്‍മ്മിക്കുന്നില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ ആധുനികമായ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അതൊന്നും ഈ സര്‍ക്കാര്‍ ചെയ്യുന്നില്ല.
മലയോരത്ത് ജീവിക്കുന്ന മനുഷ്യനെ അവന്റെ വിധിക്ക് വിട്ടു കൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. കേന്ദ്ര സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. അവരും ഇക്കാര്യത്തില്‍ ഇടപെടണം. വന്യജീവി നിയമത്തില്‍ ഭേദഗതി വരുത്തണം. തുച്ഛമായ നഷ്ടപരിഹാര തുകയാണ് നല്‍കുന്നത്. അതു പോലും നാലായിരത്തോളം പേര്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ല. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ചികിത്സയ്ക്കുള്ള പണം പോലും നല്‍കുന്നില്ല. ഈ മനുഷ്യര്‍ എങ്ങനെ ജീവിക്കും? കുട്ടികള്‍ എങ്ങനെ സ്‌കൂളില്‍ പോകും. പുല്ല് പറിക്കാന്‍ പോലും പോകാന്‍ സാധിക്കുന്നില്ല. ഒന്നും ചെയ്യില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. അതിന് പരിഹാരം ഉണ്ടാകണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് മലയോര സമര യാത്ര ആരംഭിക്കുന്നതെന്നും സതീശൻ പറഞ്ഞു.
നാളെ ഇരിക്കൂരിൽ നിന്നാണ് വി.ഡി സതീശൻ്റെ നേതൃത്വത്തിൽ മലയോര സമര യാത്ര ആരംഭിക്കുന്നത്. ഫെബ്രുവരി 5 ന് തിരുവനന്തപുരം അമ്പൂരിയിലാണ് യാത്രയുടെ സമാപനം.