ഇന്ത്യ ഇംഗ്ലണ്ടുമായുള്ള രണ്ടാം ടി20 മത്സരം നാളെ. ശനിയാഴ്ച രാത്രി ഏഴു മണി മുതല്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് രണ്ടാമങ്കം. ഈ മല്‍സരവും ജയിച്ച് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന് മുന്നിലെത്തുകയാവും ഇന്ത്യയുടെ ലക്ഷ്യം.
അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിംഗിൻ്റെ പിൻബലത്തിൽ കൽക്കത്തയിൽ നടന്ന ആദ്യ മൽസരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്.34 ബോളില്‍ എട്ടു കൂറ്റന്‍ സിക്‌സറും അഞ്ചു ഫോറുകളടുമടക്കം 79 റണ്‍സാണ് അഭിഷേക് അടിച്ച് കൂട്ടിയത്.
മറ്റൊരു ഓപ്പണർ സഞ്ജു സാംസൺ 20 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമുള്‍പ്പെടെ 26 റണ്‍സും നേടി. ഒരോവറിലെ 22 റണ്‍സും ഇതിലുള്‍പ്പെടും. 2 ക്യാച്ചും ഒരു റൺഔട്ടുമായി ഫീൽഡിംഗിലും സഞ്ജു തിളങ്ങിയിരുന്നു.
കഴിഞ്ഞ മൽസരത്തിലെ അതേ ടീമിനെ തന്നെയാവും ഇന്ത്യ അണി നിരത്തുക. ഫാസ്റ്റ് ബൗളർ ഷമി തിരിച്ചെത്തും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കഴിഞ്ഞ കളിയിൽ വിക്കറ്റൊന്നും ലഭിക്കാത്ത രവി ബിഷ്നോയ്ക്ക് പകരം ആകും ഷമി എത്തുക.
2023 നവംബറിൽ ഏകദിന ലോകകപ്പിന്റെ ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. പിന്നാലെ കണങ്കാലിന് പരിക്കേറ്റ താരം ചികിത്സയിലായിരുന്നു. നവംബറിൽ രഞ്ജി ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായെങ്കിലും ഷമിക്ക് ബോർഡർ-ഗാവസ്കർ ട്രോഫിയിൽ കളിക്കാൻ സാധിച്ചിരുന്നില്ല.ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ ഒരുങ്ങുകയാണ് ഷമി.