ടൂറിസം കേന്ദ്രങ്ങളിൽ ബിയർ ഉറപ്പാക്കി സർക്കാർ; 74 സ്ഥലങ്ങളിൽ കൂടി അനുമതി

പൊൻമുടി, പൂവാർ, കാപ്പിൽ, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളൊക്കെ പട്ടികയിലുണ്ട്.

Beer parlors: Permission granted for 74 more places

കേരളത്തിൽ 74 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പുതിയ ബിയർ വൈൻ പാർലറുകൾ തുടങ്ങാൻ വഴിയൊരുക്കി സർക്കാർ. ഇതിനായി ടൂറിസം ഇളവുകൾ പ്രഖ്യാപിച്ച് എക്‌സൈസ് വിജ്ഞാപനം. ഇതോടുകൂടി 74 സ്ഥലങ്ങളിലായി നൂറോളം ബിയർ വൈൻ പാർലറുകളായിരിക്കും പുതിയതായി ആരംഭിക്കുക.

ടൂറിസം കേന്ദ്രമായി എക്‌സൈസ് വിജ്ഞാപനം ചെയ്തതോടെ ഈ സ്ഥലങ്ങൾ ഉൾപ്പെടുന്ന വില്ലേജുകളിലെ ക്ലാസിഫൈഡ് റസ്റ്ററന്റുകൾക്കു ബീയർവൈൻ ലൈസൻസ് എടുക്കാം. കോവളം ഉൾപ്പെടെ നിലവിലുള്ള 14 പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പുറമേയാണിത്. മുഖ്യമന്ത്രിയുടെ ധർമ്മടം ഉൾപ്പെടെ പട്ടികയിലുണ്ട്.

പൊൻമുടി, പൂവാർ, കാപ്പിൽ, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളൊക്കെ പട്ടികയിലുണ്ട്. ടൂറിസം വകുപ്പ് അംഗീകരിച്ച 15 കേന്ദ്രങ്ങളെ ഉൾപ്പെടുത്തി 2003 ൽ എക്‌സൈസ് വകുപ്പ് വിജ്ഞാപനമിറക്കിയിരുന്നു. ഇവിടെയെല്ലാം ക്ലാസിഫൈഡ് റസ്റ്ററന്റുകൾക്കു ബിയർ വൈൻ ലൈസൻസുകളും അനുവദിച്ചിരുന്നു. തുടർന്ന്, നൂറ്റൻപതോളം കേന്ദ്രങ്ങൾ വിജ്ഞാപനം ചെയ്യുന്നതിനുള്ള പട്ടിക എക്‌സൈസ് വകുപ്പിനു മുൻപിലെത്തി. ഇക്കൂട്ടത്തിൽനിന്നു തീർഥാടക ടൂറിസം കേന്ദ്രങ്ങളെ ഒഴിവാക്കിയാണ് ഇപ്പോൾ ഒരുമിച്ച് 74 കേന്ദ്രങ്ങളെ അംഗീകരിച്ചത്. വിദേശമദ്യ ചട്ടം, കേരള അബ്കാരി ഷോപ്‌സ് ഡിസ്‌പോസൽ റൂൾസ് എന്നിവയനുസരിച്ചാണ് നടപടി.

ഇപ്പോൾ സംസ്ഥാനത്ത് ഇരുനൂറിലധികം ബീയർ പാർലറുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ അധികവും യുഡിഎഫ് സർക്കാരിന്റെ കാലത്തു പൂട്ടിപ്പോയ ബാറുകൾ പിന്നീട് ബിയർ ലൈസൻസ് എടുത്തവയാണ്. വിദേശ വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന ടൂറിസം മേഖലകളിലെ റസ്റ്ററന്റുകൾക്കു പ്രത്യേക കാലയളവിൽ ബീയറും വൈനും വിൽക്കാൻ ലൈസൻസ് അനുവദിക്കുമെന്നു കഴിഞ്ഞ മദ്യനയത്തിൽ നിർദേശമുണ്ട്. വാർഷിക ലൈസൻസ് ഫീ 4 ലക്ഷം അടയ്‌ക്കേണ്ട സ്ഥാനത്ത് ഇവ സീസണിലേക്കുള്ള വിഹിതം മാത്രം അടച്ചാൽ മതിയാകും.

കെടിഡിസിയുടെ ബിയർ പാർലറുകൾ ഘട്ടംഘട്ടമായി ബാറുകളാക്കി മാറ്റാനും ആലോചനയുണ്ട്. അറുപതിലധികം ബിയർ പാർലറുകൾ കെടിഡിസിക്കുണ്ട്.

വിജ്ഞാപനത്തിലെ സ്ഥലങ്ങൾ

തിരുവനന്തപുരം: പൊൻമുടി, പൂവാർ, ചൊവ്വര, വേളി ടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, നെയ്യാർ ഡാം, തിരുവനന്തപുരം വിക്രമപുരം ഹിൽസ്, കാപ്പിൽ

കൊല്ലം: തെന്മലപാലരുവി, പരവൂർതെക്കുംഭാഗം, കൊല്ലം ബീച്ച്, മൺറോതുരുത്ത്, തങ്കശ്ശേരി, ജടായുപ്പാറ, അഷ്ടമുടി

പത്തനംതിട്ട: പെരുന്തേനരുവി, ഗവി, കോന്നി ഇക്കോ ടൂറിസം സെന്റർ ആന സഫാരി ട്രെയ്‌നിങ് സെന്റർ

ആലപ്പുഴ: ആലപ്പുഴ, ആലപ്പുഴ കായൽ, കാക്കത്തുരുത്ത്, പാതിരാമണൽ

കോട്ടയം: വൈക്കം, കോടിമത

ഇടുക്കി: പരുന്തുംപാറ, പാഞ്ചാലിമേട്, ആമപ്പാറരാമക്കൽമേട്, മാട്ടുപ്പെട്ടി, ഇരവികുളം, ചിന്നക്കനാൽ, ഇലവീഴാപൂഞ്ചിറ, വാഗമൺ

എറണാകുളം: കൊച്ചി, കാലടി, മലയാറ്റൂർമണപ്പാട്ടുചിറ, കുഴിപ്പള്ളി – ചെറായി -മുനമ്പം ബീച്ച്, ഭൂതത്താൻകെട്ട്, കുമ്പളങ്ങി, കടമക്കുടി, മുസിരിസ് ഹെറിറ്റേജ് ടൂറിസം പ്രദേശം

തൃശൂർ: സ്‌നേഹതീരം ബീച്ച്, നാട്ടിക ബീച്ച്, തുമ്പൂർമുഴി ഡാം, പൂമല ഡാം, അതിരപ്പിള്ളി, മലക്കപ്പാറ

പാലക്കാട്: പറമ്പിക്കുളം, നെല്ലിയാമ്പതി, മലമ്പുഴ, സൈലന്റ് വാലി

മലപ്പുറം: കോട്ടക്കുന്ന്, പൊന്നാനി, തിരുനാവായ

കോഴിക്കോട്: കോഴിക്കോട് ബീച്ച്, കാപ്പാട്, കടലുണ്ടി പക്ഷിസങ്കേതം, കക്കയം, തുഷാരഗിരി, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, ബേപ്പൂർ കോട്ടബീച്ച്

വയനാട്: കുറുവ ദ്വീപ്, ഇടയ്ക്കൽ ഗുഹ, പൂക്കോട് തടാകം, പഴശ്ശിരാജ പാർക്ക്, വയനാട് ഹെറിറ്റേജ് മ്യൂസിയം, തിരുനെല്ലി, ബത്തേരി, ഫാന്റം റോക്ക്

കണ്ണൂർ: പാലക്കയം തട്ട്, പൈതൽമല, തലശ്ശേരി, ധർമടം, കൊട്ടിയൂർ

കാസർകോട്: കോട്ടപ്പുറം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments