സംസ്ഥാന സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ സെക്രട്ടേറിയറ്റിൽ 44% ജീവനക്കാർ പണിമുടക്കി. 2237 ജീവനക്കാരാണ് പണി പണിമുടക്കിയത്. പൊതുഭരണ വകുപ്പിൽ 1504ഉം ധനകാര്യ വകുപ്പിൽ 426 ഉം, നിയമവകുപ്പിൽ 307 ഉം ജീവനക്കാർ ജോലിക്ക് ഹാജരായില്ല.
ഭരണ സിരാകേന്ദ്രത്തിന്‍റെ പരിസരം സമര മുഖരിതമായിരുന്നു. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ പണിമുടക്കിയ ജീവനക്കാർ സെക്രട്ടേറിയറ്റ് അനക്സിന് മുന്നിൽ പട്ടിണിക്കഞ്ഞി തയ്യാറാക്കി പ്രതിഷേധിച്ചു. സിപിഐയുടെ അധ്യാപക – സർവീസ് സംയുക്ത സമര സമിതി പ്രവർത്തകർ സെക്രട്ടറിയേറ്റിലെ ആസാദ് ഗേറ്റിനു മുന്നിൽ പ്രതിഷേധിച്ചു. കോൺഗ്രസ് അനുകൂല സംഘടനകൾ സെക്രട്ടറിയേറ്റ് ട്രഷറി ഗേറ്റിനു മുന്നിലും അനക്‌സിന് മുന്നിലും പ്രതിഷേധം ഉയർത്തി. സെക്രട്ടേറിയേറ്റിലേക്ക് കൂറ്റൻ മാർച്ചുകളും സമരക്കാർ നടത്തി.
പ്രതിഷേധം സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ് ഉദ്ഘാടനം ചെയ്തു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ് കുമാർ, ജനറൽ സെക്രട്ടറി എസ് പ്രദീപ്കുമാർ, കെ എം അനിൽകുമാർ, എ സുധീർ, നൗഷാദ് ബദറുദ്ദീൻ, ജി ആർ ഗോവിന്ദ്, സി സി റൈസ്റ്റൺ പ്രകാശ്, സജീവ് പരിശവിള, സൂസൻ ഗോപി,എൻ സുരേഷ്, ബാലു മഹേന്ദ്ര, വി എസ് അജയകുമാർ, യു എസ് ദീപ്തി തുടങ്ങിയവർ പ്രസംഗിച്ചു.