തിരുവനന്തപുരം: 2025-26ലെ സംസ്ഥാന ബജറ്റ് ഫെബ്രുവരി 7ന് അവതരിപ്പിക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അവതരിപ്പിക്കുന്ന നാലാമത്തെ പൂർണ ബജറ്റാണിത്. ജനുവരി 17നാണ് നിയമസഭ ചേരുന്നത്.
ബജറ്റ് അവതരണത്തിന് മുമ്പ് സാമൂഹിക സുരക്ഷാ പെൻഷൻ ഒരു ഗഡുവും വിരമിച്ച സർക്കാർ ജീവനക്കാർക്കുള്ള പെൻഷൻ പരിഷ്‌കരണ കുടിശികയുടെ നാലാമത്തെ ഗഡുവും നൽകാനാണ് കെ.എൻ. ബാലഗോപാലിന്റെ നീക്കമെന്നാണ് അറിയുന്നത്.
പെൻഷൻ പരിഷ്‌കരണ കുടിശികയുടെ നാലാം ഗഡു നൽകാൻ 572.90 കോടി വേണമെന്നാണ് ധനവകുപ്പിന്റെ കണക്ക് കൂട്ടൽ. പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശിക 4 തുല്യ ഗഡുക്കളായി വിതരണം ചെയ്യാനാണ് ഉത്തരവായിരുന്നത്. ഇതിൽ 3 ഗഡുക്കൾ പെൻഷൻകാർക്ക് വിതരണം ചെയ്തിട്ടുണ്ട്.
പെൻഷൻ പരിഷ്‌കരണ കുടിശികയുടെ നാലാമത്തെ ഗഡു ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കുമെന്നായിരുന്നു ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ ഉറപ്പ് തന്റെ ബജറ്റ് അവതരണത്തിന് മുമ്പ് നടപ്പിലാക്കാനാണ് ധനമന്ത്രി ലക്ഷ്യമിടുന്നത് എന്നാണ് അറിയുന്നത്.
ജനുവരി 17ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആദ്യ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കും. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചകൾക്ക് ശേഷം 23ന് പിരിയുന്ന സഭ ബജറ്റ് അവതരിപ്പിക്കുന്നതിനായി ഫെബ്രുവരി ഏഴിന് വീണ്ടും ചേരും. തുടർന്ന് മൂന്ന് ദിവസത്തെ പൊതുചർച്ചയ്ക്ക് ശേഷം 13ന് പിരിയും. മാർച്ച് 3ന് വീണ്ടും ചേർന്ന് സമ്പൂർണ്ണ ബജറ്റ് പാസാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്.