വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തികളിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തം. ദുരന്തം കഴിഞ്ഞ് 5 മാസം പിന്നിട്ടിട്ടും കേന്ദ്ര സഹായം ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാരാകട്ടെ പതിവ് മെല്ലെപ്പോക്കിലും. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ച തുകയും വയനാടിന് നൽകിയ തുകയും പരിശോധിച്ചാൽ സർക്കാരിന്റെ മെല്ലെപ്പോക്ക് വ്യക്തമാകും.

706.23 കോടിയാണ് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ചത്. അതിൽ നിന്നും ഇതുവരെ കൊടുത്തത് 7.65 കോടി മാത്രം. ദുരിതാശ്വാസ നിധിയിൽ 698.58 കോടി ചെലവഴിക്കാതെ കിടക്കുകയാണ്. സർക്കാരിന്റെ മെല്ലെപ്പോക്കിനെതിരെ പ്രതിഷേധം ശക്തമായതോടെ ഇന്ന് (ജനുവരി 1) സ്‌പോൺസർഷിപ്പ് വാഗ്ദാനം ചെയ്തവരുമായുള്ള മുഖ്യമന്ത്രിയുടെ ആദ്യയോഗം നടക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, ടി. സിദ്ധിഖ്, കർണാടക സർക്കാരിൻറെ പ്രതിനിധി ഉൾപ്പെടെ ഒൻപതുപേർ യോഗത്തിൽ പങ്കെടുക്കും. പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങൾ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗവും വിലയിരുത്തും.
വയനാട് പുനരധിവാസം വൈകുന്നുവെന്ന വിമർശനം വ്യാപകമായി ഉയരുന്നതിനിടെയാണ് സഹായ വാഗ്ദാനം നൽകിയവരുമായുള്ള കൂടിക്കാഴ്ച മുഖ്യമന്ത്രി ആരംഭിക്കുന്നത്. കർണാടക സർക്കാരിന്റെയും രാഹുൽഗാന്ധിയുടെയും പ്രതിനിധികൾ ഉൾപ്പെടെ 50 വീടുകളിൽ കൂടുതൽ നൽകാമെന്ന് സമ്മതിച്ച ഒൻപതു പേരാണ് യോഗത്തിൽ പങ്കെടുക്കുക.
സ്ഥലം ഏറ്റെടുക്കലിന്റെ വിശദാംശങ്ങളും ചീഫ് സെക്രട്ടറി തയാറാക്കിയ പുനരധിവാസ പ്ലാനും മുഖ്യമന്ത്രി വിശദീകരിക്കും. എന്തെല്ലാം കാര്യങ്ങൾ നേരിട്ട് ചെയ്യാൻ സ്‌പോൺസർമാർ താൽപര്യപ്പെടുന്നു എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാവും. പുനരധിവാസ പദ്ധതിയുടെ ആദ്യ നടപടികളെങ്കിലും യോഗത്തിൽവെച്ച് തീരുമാനിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ടൗൺഷിപ്പ് നിർമാണം ഊരാളുങ്കലിനും മേൽനോട്ടം കിഫ്ബിയുടെ കൺസൾട്ടൻസി വിഭാഗമായ കിഫ്‌കോണിനും നൽകാനാണ് സർക്കാർ തീരുമാനം. ഇതിനോട് സ്‌പോൺസർമാർ യോജിക്കേണ്ടതുണ്ട്.