കലൂർ സ്‌റ്റേഡിയത്തിൽ നിന്ന് വീണു പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. ചുണ്ടനക്കിക്കൊണ്ട് ഉമ തോമസ് മക്കളോട് ഹാപ്പി ന്യൂ ഇയർ എന്ന് പതുക്കെ സംസാരിച്ചെന്ന് ഡോക്ടർമാർ പറഞ്ഞു. വെന്റിലേറ്ററിൽനിന്നു മാറ്റുന്ന കാര്യമാണ് ഇനി ആലോചിക്കേണ്ടതെന്നും ഡോക്ടർമാർ പറഞ്ഞു.
ഉമ തോമസ് ആളുകളെ തിരിച്ചറിയുന്നുണ്ടെന്നും റിക്കവറിയുടെ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നും ഡോക്ടർമാർ പ്രതീക്ഷ പങ്കുവെച്ചു. വേദനയുണ്ടെന്ന കാര്യം ഉമ തോമസ് മക്കളോടും ഡോക്ടർമാരെയും അറിയിച്ചു. ഇന്നലെ കൈകാലുകൾ മാത്രം ചലിപ്പിച്ച എംഎല്‍എ ഇന്ന് ശരീരമാകെ ചലിപ്പിച്ചു. എന്നാല്‍ വേദനയുണ്ട്.
തലച്ചോറിന്റെ കാര്യത്തിൽ പുരോഗതി ഉണ്ട്. ചെസ്റ്റിന്റെയും ലങ്‌സിന്റെയും അവസ്ഥ ഇന്നത്തെ എക്‌സ്‌റേസ് കുറേ കൂടി ക്ലിയർ ആയിട്ടുണ്ട് ബെറ്റർ ആണ് വെന്റിലേറ്ററിൽ നിന്ന് എപ്പോൾ മാറ്റാൻ പറ്റും എന്നുള്ളതാണ് ഡോക്ടർമാർ പരിശോധിക്കുന്നത്. കൃത്യമായ പരിശോധനക്കുശേഷം മാത്രമേ അങ്ങനൊരു മാറ്റം സാധ്യമാകുകയുള്ളൂ. കാരണം വേദനയുണ്ടെന്നാണ് ഉമ തോമസ് പറയുന്നത്. ഇപ്പോഴുള്ള വേദന കാരണം ശ്വാസം വലിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടാകും. ഇന്നലെ വൈകുന്നേരം ഒരു മെഡിക്കൽ ബോർഡും കൂടി കൂടിയിരുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു.
അപകടവുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ മൃദംഗവിഷൻ എംഡി അടക്കം അഞ്ച് പേരെ പ്രതി ചേർത്തിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായ മൂന്ന് പേർക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മുൻകൂർ ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ, ഓസ്കാർ ഇവന്റ് ചുമതലക്കാരൻ ജിനേഷ് കുമാർ എന്നിവരോട് വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചു.