പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഒടുവിൽ റിലിസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ് ജനുവരി 23 നാണ് റിലീസ് ചെയ്യുന്നത്.
തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ റിലിസ് തീയതി അറിയിച്ചത് മമ്മൂട്ടി തന്നെയാണ്. പുതു വർഷ ആശംസ നേർന്നതിനോടൊപ്പമാണ് താരം റിലിസ് തീയതി പ്രഖ്യാപിച്ചതും.
ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്.
മമ്മൂട്ടിയെ കൂടാതെ വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം കോമഡി ക്രൈം ത്രില്ലർ ആണെന്നാണ് സൂചന.
ഡോക്ടർ സുരജ് രാജൻ, ഡോക്ടർ നിരജ് രാജൻ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രമാണിത്.
കാതൽ ദ കോർ, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, ടർബോ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഇതിനോടകം റിലിസ് ചെയ്ത ചിത്രങ്ങൾ.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്
ജിതിൻ കെ ജോസ് ആണ്. ദുൽഖർ നായകനായ കുറുപ്പിന്റെ സഹരചയിതാവാണ് ജിതിൻ. ചിത്രത്തിൽ മമ്മൂട്ടി വില്ലനായാണ് വേഷമിടുന്നതെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.