കഴിഞ്ഞ ഒരുവർഷത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത് 41 സർക്കാർ ഉദ്യോഗസ്ഥർ. 39 പേർ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും രണ്ടുപേർ കേന്ദ്ര സർക്കാർ ജീവനക്കാരുമാണ്.
മൂന്ന് ഏജന്റുമാരെയും വിജിലൻസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ 20 പേരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരാണ്. തദ്ദേശ സ്വയംഭരണ വകുപ്പിലെ 10 പേരെയും ആരോഗ്യം, രജിസ്‌ട്രേഷൻ എന്നീ വകുപ്പുകളിൽ നിന്ന് രണ്ടുവീതം ഉദ്യോഗസ്ഥരെയും മോട്ടോർവാഹനം, വാട്ടർ അതോറിറ്റി, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, സിവിൽ സപ്ലൈസ്, പൊതുമരാമത്ത്, പോലീസ്, വൈദ്യുതി, കൃഷി എന്നീ വകുപ്പുകളിലെ ഓരോ ഉദ്യോഗസ്ഥരെയും രണ്ട് കേന്ദ്ര ഉദ്യോഗസ്ഥരെയും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.
34 ട്രാപ്പ് കേസിലായി 7,34,800 രൂപയാണ് കൈക്കൂലിയായി പിടിച്ചെടുത്തത്. ഡിജിറ്റൽ പണമിടപാടിലൂടെയും മറ്റും കൈക്കൂലി ഇടപാടുകൾ നടത്തിയതായും വിജലൻസ് കണ്ടെത്തി.