മമ്മുട്ടി തിളങ്ങിയപ്പോൾ മോഹൻലാലിന് നിരാശ സമ്മാനിച്ച് 2024. ഭ്രമയുഗം , ടർബോ , എബ്രഹാം ഓസ് ലർ,തെലുങ്ക് ചിത്രം യാത്ര 2 എന്നിവ ആയിരുന്നു മമ്മൂട്ടിയുടെ റിലിസ് ചെയ്ത 2024 ലെ ചിത്രങ്ങൾ.
ഇതിൽ യാത്ര 2 വലിയ ചലനങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും മറ്റ് 3 ചിത്രങ്ങളും സൂപ്പർ ഹിറ്റായി. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി മമ്മൂട്ടിയുടെ ഞെട്ടിപ്പിക്കുന്ന വേഷ പകർച്ചയായിരുന്നു. ഗംഭീര ഫൈറ്റ് ആയിരുന്നു ടർ ബോയുടെ പ്രത്യേകത. എബ്രഹാം ഓസ് ലറിൽ ജയറാം ആയിരുന്നു നായകൻ എങ്കിലും ഇൻ്റർവെല്ലിന് തൊട്ടു മുൻപ് എത്തിയ മമ്മൂട്ടിയുടെ കഥാപാത്രം ഗംഭീരം ആയിരുന്നു. സിനിമകൾ തെരഞ്ഞെടുക്കുന്നതിലെ മമ്മൂട്ടിയുടെ മിടുക്ക് ആണ് ജയത്തിൻ്റെ പ്രധാന കാരണം.
മറുവശത്ത് വളരെ പ്രതീക്ഷയോടെ വന്ന മോഹൻലാലിൻ്റെ മലൈക്കോട്ട വാലിബൻ വിജയം കണ്ടില്ല. മോഹൻ ലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസും തീയേറ്ററിൽ വലിയ ചലനം ഉണ്ടാക്കിയില്ല. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാനിലാണ് മോഹൻലാലിൻ്റെ പ്രതീക്ഷ. മാർച്ച് 27 നാണ് എമ്പുരാൻ റിലിസ് ചെയ്യുന്നത്.
സംഭവ ബഹുലമായിരുന്നു സുരേഷ് ഗോപിയുടെ 2024. തൃശൂർ ലോകസഭ എം പി ആയി. തുടർന്ന് കേന്ദ്ര സഹമന്ത്രിയും. 22 ഓളം ചിത്രങ്ങൾ സുരേഷ് ഗോപി കമിറ്റ് ചെയ്തിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി ലീവ് അനുവദിക്കാത്തത് ഷൂട്ടിംഗ് നീണ്ടു പോകുന്നതിന് കാരണമായി. ഡിസംബർ പകുതിയോടെ ആണ് അഭിനയിക്കാൻ സുരേഷ് ഗോപിക്ക് അനുമതി ലഭിച്ചത്. ഒറ്റക്കൊമ്പനാണ് സുരേഷ് ഗോപിയുടെ ചിത്രീകരണം നടക്കുന്ന സിനിമ.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതും അതിനെ ചൊല്ലിയുള്ള വിവാദത്തെ തുടർന്ന് അമ്മ സംഘടന നേതൃത്വത്തിൽ നിന്നും മോഹൻലാൽ അടക്കം രാജിവച്ചതും വലിയ ചർച്ചയായ വർഷമാണ് 2024.
മമ്മുട്ടിക്ക് ലഭിക്കേണ്ട രാജ്യസഭ സീറ്റ് മറ്റൊരാൾ ചതിയിലൂടെ സ്വന്തമാക്കിയെന്ന കഥയും 2024 ൽ ചർച്ചയായി.