കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് വീണു പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ കണ്ണ് തുറന്നു. കാലു ചലിപ്പിക്കാനും കയ്യിൽ മുറുകെ പിടിക്കാനും പറഞ്ഞപ്പോൾ അനുസരിച്ചു. ട്യൂബിട്ടതിനാൽ സംസാരിക്കാൻ കഴിയില്ല. തലച്ചോറിലെ ക്ഷതങ്ങളിൽ പുരോഗതിയുണ്ട്. ശ്വാസകോശത്തിലെ പരുക്കാണ് വെല്ലുവിളി. എക്സ്റേയിൽ നേരിയ പുരോഗതിയുണ്ട്.
വാരിയെല്ല് പൊട്ടിയതിനാൽ അണുബാധയ്ക്ക് സാധ്യതയുണ്ട്. ശ്വാസകോശത്തിലെത്തിയ രക്തം ഇനിയും പൂർണമായി മാറ്റാനായിട്ടില്ല. അത് ആന്റിബയോട്ടിക്കിലൂടെ മാറ്റണം. ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്ററിൽനിന്ന് മാറ്റി 24 മണിക്കൂർ കഴിഞ്ഞാലേ ഗുരുതരാവസ്ഥയിൽനിന്ന് മാറി എന്നു പറയാൻ കഴിയൂ എന്നും ഡോക്ടർമാർ പറഞ്ഞു..
ശ്യാസകോശമടക്കമുളള മറ്റ് ആന്തരികാവയവങ്ങൾ സുഖം പ്രാപിക്കുന്ന മുറയ്ക്കേ തലച്ചോറിലെ പരുക്ക് കുറയു എന്നതിനാൽ ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ സമയമെടുക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ.
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം നർത്തകരുടെ നൃത്ത സന്ധ്യക്കിടെയാണ് അപകടം ഉണ്ടായത്. പരിപാടി ആരംഭിക്കാനിരിക്കെ കലൂർ സ്റ്റേഡിയത്തിലെത്തിയ എംഎൽഎ മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്ത ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് ഇരിക്കാനായി പോകുമ്പോൾ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു ഉമാ തോമസ്.
അതേസമയം, പരിപാടിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഉറപ്പുള്ള സ്റ്റേജ് ഒരുക്കണമായിരുന്നു. സംഘാടകർ ലാഘവത്തോടെ കൈകാര്യം ചെയ്തു. വേദിക്ക് ബാരിക്കേഡ് കെട്ടേണ്ടതായിരുന്നു. തൻറെ ഗൺമാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. സങ്കടകരമായ അപകടമാണ് എംഎൽഎയ്ക്ക് ഉണ്ടായത്. എട്ടു മിനിറ്റ് കൊണ്ട് പരിപാടി അവസാനിപ്പിച്ചു. ബാക്കിയുള്ള മറ്റു പരിപാടികൾ നടത്തിയില്ല. എന്നു മാത്രമല്ല ഇത്ര വലിയ അപകടമാണെന്ന് അപ്പോൾ തിരിച്ചറിഞ്ഞുമില്ലെന്നും സജി ചെറിയാൻ പറഞ്ഞു.