സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്റെ ആത്മകഥ ‘പരിപ്പുവടയും കട്ടൻചായയും’ എന്ന പേരിൽ ചോർന്ന സംഭവത്തിൽ പ്രസിദ്ധീകരണ സ്ഥാപനമായ ഡിസി ബുക്‌സിനെതിരെ കേസെടുക്കും. പ്രസിദ്ധീകരണ വിഭാഗം മേധാവിക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് എടുക്കാനാണ് പോലീസ് തീരുമാനം. കോട്ടയം എസ്പിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് പോലീസ് നടപടി. എഡിജിപി മനോജ് എബ്രഹാം ഇതുസംബന്ധിച്ച നിർദ്ദേശം നൽകി.
ഡിസിയിലെ പ്രസിദ്ധീകരണ വിഭാഗം മേധാവി എവി ശ്രീകുമാർ ആത്മകഥ ചോർത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. പക്ഷെ ഇപിയുടെ ആത്മകഥാ ഭാഗം ഇപി അറിയാതെ എങ്ങിനെ ഡിസിയിൽ എത്തി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ആത്മകഥാ വിവാദത്തിൽ ഗൂഡാലോചനയുണ്ടെന്നാണ് തുടക്കം മുതൽ ഇപി ജയരാജന്റെ വാദം.
കട്ടൻ ചായയും പരിപ്പുവടയുമെന്ന പേരിട്ട ആത്മകഥ ചോർന്നത് ഡിസി ബുക്‌സിൽ നിന്നാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതിനു പിന്നിൽ ഇപിയെ എതിർക്കുന്ന പാർട്ടിക്കുള്ളിലെയും പുറത്തെയും നേതാക്കളുടെയും കോക്കസിന്റെയും ഇടപെടലുണ്ടായിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.
ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇടതു എംപിയുടെയും ഇദ്ദേഹത്തെ ചുറ്റിപറ്റിയുള്ള മാധ്യമ കോക്കസുകളുടെയും പിന്തുണയോടെയാണ് വാർത്ത പുറത്തുവന്നതെന്ന് ആക്ഷേപമുണ്ട്. ഇത് ആസൂത്രിതമാണെന്ന ആരോപണം നേരത്തെ ഇപി ജയരാജൻ തന്നെ ഉന്നയിച്ചിരുന്നുവെങ്കിലും ആ ദിശയിലേക്കുള്ള അന്വേഷണം ഏറെ ദൂരം മുൻപോട്ടു പോയില്ല. തന്റെ ആത്മകഥയിലെ ഏതാനും ഭാഗങ്ങൾ പുറത്തുവന്ന സംഭവം തനിക്കെതിരെ നടന്ന രാഷ്ട്രീയ ഗുഡാലോചനയുടെ ഭാഗമാണെന്ന് ഇപി ജയരാജൻ പറയുന്നുണ്ട്.
കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥ ചേർന്നത് ഡിസി ബുക്‌സിൽ നിന്ന് തന്നെയെന്ന പൊലീസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കോടതിയെ സമീപിക്കണമെങ്കിൽ അതാലോചിക്കുമെന്നായിരുന്നു ഇപി ജയരാജൻറെ പ്രതികരണം