ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരിക്കൽ കൂടി പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. നിലവിലെ ചാമ്പ്യൻമാരും പോയിന്റ് പട്ടികയിൽ ഒന്നാമൻമാരുമായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെയാണ് കേരള ബ്ലോസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങിയത്. 85ാം മിനിറ്റ് വരെ 2-1ന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്സിനെ, അവസാന മിനിറ്റുകളിൽ നേടിയ ഇരട്ട ഗോളിലാണ് മോഹൻ ബഗാൻ തറപറ്റിച്ചത്.
33ാം മിനിട്ടിൽ ജാമി മക്ലാരൻ, 86 ാം മിനിട്ടിൽ ജെയ്സൻ കമ്മിൻസ്, എക്സ്ട്രാ ടൈമിൽ ആൽബർട്ടോ എന്നിവർ നേടിയ ഗോളിലാണ് മോഹൻ ബഗാന്റെ അധികാരിക വിജയം. ബ്ലാസ്റ്റേഴ്സിനുവേണ്ടി 51ാം മിനിട്ടിൽ ഹിമെനെ ഹെസൂസ്, 77ാം മിനിട്ടിൽ മിലോസ് ഡ്രിൻസിച്ച് എന്നിവരാണ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന് അർഹിച്ച പെനൽറ്റി റഫറി അനുവദിച്ചിരുന്നില്ല.
The #Mariners rejoicing after a Great WIN! 🔥#MBSGKBFC #ISL #LetsFootball #MBSG | @mohunbagansg pic.twitter.com/zfy8SgwVTI
— Indian Super League (@IndSuperLeague) December 14, 2024
ബ്ലാസ്റ്റേഴ്സിന്റെ രണ്ടുഗോളുകളും രണ്ടാം പകുതിയിലായിരുന്നു. മലയാളി താരം ആഷിക് കുരുണിയനെ ഇറക്കിയ ബഗാൻ പരിശീലകന്റെ തന്ത്രമാണ് മത്സരത്തിന്റെ അന്തിമ ഫലം തീരുമാനിച്ചത്. ഇടതുവിങ്ങിൽ ആഷിക് കുരുണിയൻ നടത്തിയ അതിവേഗ മുന്നേറ്റങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റെ സമനില മോഹത്തെപ്പോലും പിഴുതെറിഞ്ഞത്. പകരക്കാരനായി അവസാന നിമിഷമാണ് കളത്തിലിറങ്ങിയതെങ്കിലും മികച്ച പ്രകടനവുമായി കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും ആഷിക് കുരുണിയനെ തന്നെ.
സീസണിലെ ഏഴാം തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് മൂന്നു ജയവും രണ്ടു സമനിലയും വഴി ലഭിച്ച 11 പോയിന്റുമായി 10ാം സ്ഥാനത്താണ്. സീസണിലെ എട്ടാം ജയം സ്വന്തമാക്കിയ മോഹൻ ബഗാനാകട്ടെ 26 പോയിന്റുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ലീഗ് രണ്ടാം ഘട്ടത്തിലേക്കു കടക്കാൻ ചുരുക്കം കളികൾ മാത്രം ശേഷിക്കേ, പ്ലേ ഓഫ് ഉറപ്പാക്കാനുള്ള ആറാം സ്ഥാനത്തിന് ഏഴു പോയിന്റ് അകലെയാണ് ബ്ലാസ്റ്റേഴ്സ്.