ന്യൂഡൽഹി: ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന് എതിരെ നടി മാലാ പാർവതി സുപ്രീംകോടതിയിൽ. ഹേമ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി മൊഴി നൽകിയത് അക്കാദമിക താൽപര്യം കാരണമാണെന്നും കേസുമായി മുന്നോട്ട് പോകാൻ താൽപര്യം ഇല്ലെന്നും സുപ്രീം കോടതിയിൽ ഹർജിയിലൂടെ മാലാ പാർവതി വ്യക്തമാക്കി.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് മാലാ പാർവതി സുപ്രീംകോടതിയെ സമീപിച്ചത്.
താൻ ഹേമ കമ്മറ്റിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം സ്വീകരിക്കുന്ന തുടർനടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. എന്നിട്ടും തന്റെ മൊഴിയുമായി നേരിട്ട് ബന്ധമില്ലാത്ത ആളുകളെ പോലും പൊലീസ് ചോദ്യം ചെയ്യലിന്റെ പേരിൽ വിളിച്ചു വരുത്തുന്നൂവെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
സർക്കാരിന് റിപ്പോർട്ട് നൽകുന്നതിന് വേണ്ടി മാത്രമാണ് താൻ ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയത്. അല്ലാതെ ക്രിമിനൽ കേസിന് വേണ്ടി അല്ലെന്നും മാലാ പാർവതിപറയുന്നു. അഡ്വ. ആബിദ് ബീരാൻ മുഖേനയാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഹൈമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ പ്രവൃത്തികളെ വിമർശിച്ചതാണ് മാലാ പാർവതി മാധ്യമങ്ങളോട് സംസാരിച്ചത്. എസ്‌ഐടി സിനിമക്കാരെ ഹരാസ് ചെയ്യുന്നുവെന്നും, മൊഴിയുമായി ബന്ധമില്ലാത്തവരെപ്പോലും വിളിച്ചുവരുത്തുന്നുവെന്നും ഇവർ കുറ്റപ്പെടുത്തി.