എയര്‍ ഇന്ത്യ വിമാനത്തില്‍ ഇനി ഗിറ്റാര്‍ കൊണ്ടു പോകാനാകില്ലെന്ന് റിപ്പോര്‍ട്ട്. അല്ലെങ്കില്‍ അധിക സീറ്റിനായി പണം നല്‍കണം. ഇതാണ് എയര്‍ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ റോക്ക് ബാന്‍ഡായ ഇന്‍ഡസ് ക്രീഡിന്റെ കീബോര്‍ഡിസ്റ്റായ സുബിന്‍ ബാലപോറിയ, എയര്‍ ഇന്ത്യ അവതരിപ്പിച്ച പുതിയ നിയമത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിച്ചപ്പോഴാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്. ‘എന്തുകൊണ്ടാണ് എയര്‍ ഇന്ത്യ സംഗീതജ്ഞരോട് ഇത്തരമൊരു വിവേചനം കാട്ടുന്നത്. നേരത്തെ ഞങ്ങള്‍ക്ക് ഒരു ഗിറ്റാര്‍ ബോര്‍ഡില്‍ കൊണ്ടുപോകാന്‍ അനുവാദമുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ ഇത് നിര്‍ത്തി. സംഗീതജ്ഞരോട് ഗിറ്റാറിന് അധിക സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെടുന്നു.
വിസ്താര ഗിറ്റാറുകള്‍ ബോര്‍ഡില്‍ അനുവദിച്ചിരുന്നു, ഇന്‍ഡിഗോ ഇപ്പോഴും അത് ചെയ്യുന്നുണ്ട്. പിന്നെന്തിനാണ് എയര്‍ ഇന്ത്യ ഇത്തരമൊരു നിയമം പ്രഖ്യാപിച്ചതെന്നും തികച്ചും ഇത് ബുദ്ധിമുട്ടേറിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് പല സംഗീതജ്ഞരും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കുകയും എയര്‍ ഇന്ത്യയുടെ ഈ നടപടിയെ എതിര്‍പ്പ് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.