പരസ്യമായി മാപ്പ് പറയണം: റിപ്പോർട്ടർ ചാനലിനെതിരെ കെ. സുധാകരൻ

K Sudhakaran and Reporter TV

റിപ്പോർട്ടർ ചാനലിനെതിരെ കടുത്ത നിലപാടുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഭക്ഷണത്തിൽ പോലും ജാതീയ വിഷം കലർത്താൻ ശ്രമിച്ച അധമജന്മങ്ങൾ റിപ്പോർട്ടർ ചാനലിന്റെ സ്വത്താണെന്ന് സുധാകരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ആക്ഷേപിച്ചു. തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫിനെതിരെയും രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നിവരെ ലക്ഷ്യം വെച്ച് വ്യാജ വാർത്തകൾ സൃഷ്ടിക്കപ്പെട്ടുവെന്നുമാണ് കോൺഗ്രസ് പ്രവർത്തകരുടെ രോഷത്തിന് കാരണം. വ്യാജ പരാമർശങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയാൻ റിപ്പോർട്ടർ ചാനൽ തയ്യാറാകാത്ത പക്ഷം ചാനലുമായി സഹകരിക്കുന്ന കാര്യം പാർട്ടി പുനഃപരിശോധിക്കുമെന്നും കെ. സുധാകരൻ

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടൻ നടത്തിയ വാർത്താ സമ്മേളനം മുതൽ തന്നെ ഷാഫി പറമ്പിൽ റിപ്പോർട്ടർ ചാനലിനെ പ്രത്യേകം പരാമർശിച്ച് വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ റിപ്പോർട്ടർ ചാനലിലെ ചർച്ചയിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് എബിൻ വർക്കിയും, കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാലയും ചാനലിനെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകർക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനമാണ് കോൺഗ്രസ് അനുകൂലികൾ നടത്തിയത്.

ചാനൽ പ്രവർത്തകൻ റോഷി പാലിന്റെ ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന മറുപടിയുമായാണ് റിപ്പോർട്ടർ ചാനൽ രംഗത്തെത്തിയത്. ഇതോടെ, അണികളും ഒരു മാധ്യമവും യുദ്ധം മൂർച്ഛിച്ചതോടെയാണ് കെപിസിസി അധ്യക്ഷൻ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തിയിരിക്കുന്നത്. പ്രവർത്തകരുടെ വികാരം പാർട്ടി മനസ്സിലാക്കുന്നുവെന്നും മാനിക്കുന്നുവെന്നും പറഞ്ഞ പാർട്ടി അധ്യക്ഷൻ റിപ്പോർട്ടർ ചാനലിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.

എന്റെ പ്രിയപ്പെട്ട പ്രവർത്തകരോട്…
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെതിരെ ഏറ്റവും മ്ലേച്ഛമായ വർഗ്ഗീയ പ്രചാരണങ്ങൾ നടത്തിയ റിപ്പോർട്ടർ ചാനലിനോടുള്ള നിങ്ങളുടെ വികാരം പാർട്ടി മനസ്സിലാക്കുന്നു. നേതൃത്വം അതിനെ മാനിക്കുന്നു.

തീവ്ര വർഗ്ഗീയത പടർത്തുന്ന സിപിഎം പോലുള്ള പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് കേരളത്തെ വർഗ്ഗീയമായി ഭിന്നിപ്പിക്കാൻ റിപ്പോർട്ടർ ചാനൽ നടത്തുന്ന പ്രവർത്തനങ്ങളോട് ശക്തമായ പ്രതിഷേധം കോൺഗ്രസ് രേഖപ്പെടുത്തുന്നു. അച്ഛനെ ചുട്ടുകൊല്ലാൻ ശ്രമിച്ചവരുടെ കൂടെ കൂടി മകൻ തുടങ്ങിയ വാർത്ത ചാനലിൽ നിന്ന് കൂടുതലൊന്നും നാട് പ്രതീക്ഷിക്കുന്നില്ല. പക്ഷെ നിഷ്പക്ഷ മേലങ്കി വലിച്ചെറിഞ്ഞ്, ചെയ്തുകൊണ്ടിരുന്ന അടിമപ്പണി സ്ഥിരം തൊഴിലാക്കി അദ്ദേഹം പുറത്തോട്ട് പോയിട്ടും, ചാനലിന് ‘നല്ല’ മാറ്റങ്ങളൊന്നും സംഭവിച്ചില്ല എന്ന് ഞങ്ങൾ മനസിലാക്കുന്നു.

കുട്ടികൾക്ക് വിളമ്പുന്ന ഭക്ഷണത്തിൽ പോലും ജാതീയ വിഷം കലർത്താൻ ശ്രമിച്ച അധമജന്മങ്ങൾ ഇന്ന് റിപ്പോർട്ടർ ചാനലിന്റെ സ്വത്താണ്. അത്തരക്കാരിലൂടെ, സിപിഎമ്മിന് വേണ്ടിയുള്ള വർഗ്ഗീയ പ്രചാരണം തുടർന്ന് പോകാമെന്നാണ് വിചാരമെങ്കിൽ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകും.

ഐക്യ ജനാധിപത്യമുന്നണിയെ അപമാനിക്കുന്ന രീതിയിൽ വ്യാജ വാർത്തകൾ സൃഷ്ടിച്ചതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. വ്യാജ പരാമർശങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയാൻ റിപ്പോർട്ടർ ചാനൽ തയ്യാറാകാത്ത പക്ഷം ചാനലുമായി സഹകരിക്കുന്ന കാര്യം പാർട്ടി പുന: പരിശോധിക്കും.

കെ സുധാകരൻ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments