പാലക്കാട് ഇത്തവണ തുടക്കം മുതൽ എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമാണ്. കാരണം സ്ഥാനാർത്ഥി നിർണയം മുതൽ നിരവധി സംഭവ വികാസങ്ങൾക്കാണ് പാലക്കാട് സാക്ഷ്യം വഹിക്കുന്നത്. ഏറ്റവുമൊടുവിൽ സിപിഐഎം ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചരണ വിഡിയോ പുറത്തു വന്ന സംഭവത്തില്‍ പാര്‍ട്ടി ഇനിയും പരാതി നൽകിയിട്ടില്ല. കൂടാതെ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്സ്ബുക് പേജിൽ വന്ന സംഭവം ഹാക്കിങ് അല്ലെന്നാണ് കണ്ടെത്തൽ.
പേജ് അഡ്മിൻമാരിൽ ഒരാൾ വീഡിയോ അപ്‌ലോഡ് ചെയ്തതാണെന്നാണ് പുറത്തു വരുന്ന വിവരം. വീഡിയോ വന്ന സംഭവം ഹാക്കിങ് ആണെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞിരുന്നത്. എന്നാൽ ഹാക്കിങ്ങല്ലെന്നും സിപിഎം പ്രവർത്തകർ തനിക്ക് നൽകിയ പിന്തുണ ആണെന്നുമായിരുന്നു രാഹുലിന്റെ മറുപടി. എന്തായാലും വീഡിയോ പുറത്തുവന്നതോടെ ജില്ലാക്കമ്മിറ്റി അഡ്മിന്‍ പാനല്‍ അഴിച്ചു പണിതിരിക്കുകയാണ്. നിലവില്‍ ഉണ്ടായിരുന്ന ചിലരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പരാതി നല്‍കും എന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം ആവര്‍ത്തിക്കുന്നത്.
സംസ്ഥാന നേതൃത്വവും ഇതേപ്പറ്റി വിവരങ്ങള്‍ തേടിയിരുന്നു. ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീഡിയോ പോസ്റ്റ് ചെയ്‌തെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വിശദീകരിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇനിയും പരാതി നല്‍കിയിട്ടില്ല. എന്നാല്‍ പാര്‍ട്ടിയുടെ ആഭ്യന്തര അന്വേഷണത്തില്‍ അഡ്മിന്‍ പാനലിലെ ഒരാളാണ് അബദ്ധത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ അഡ്മിനായ ആളെ പാര്‍ട്ടി താക്കീത് ചെയ്തിരുന്നു.
‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന് അടിക്കുറിപ്പോടെയാണ് പേജില്‍ വിഡിയോ ഷെയര്‍ ചെയ്തിരുന്നത്. 63000 ഫോളോവേഴ്സ് ഉള്ള പേജിലാണ് രാഹുലിന്റെ പ്രചാരണ വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ വീടുകള്‍ കയറി പ്രചാരണം നടത്തുന്നതും കുട്ടികളുമായി സൗഹൃദം പങ്കിടുന്നതുമായ വിഡിയോയാണ് ഈ പേജിലെത്തിയത്. 57 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പോസ്റ്റ് ചെയ്തത്.
ഇതേ വീഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലുള്‍പ്പെടെ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, നവീന്‍ ബാബുവിന്‍റെ മരണത്തില്‍ തല ഉയര്‍ത്തി നിന്ന പത്തനംതിട്ട ജില്ലാക്കമ്മിറ്റിക്ക് ഏറ്റ കനത്ത പ്രഹരമാണ് ഔദ്യോഗിക പേജില്‍ വന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വിഡിയോ. 11 വര്‍ഷമായി സജീവമായ പേജിനെ തള്ളിപ്പറഞ്ഞ ജില്ലാ സെക്രട്ടറി പിന്നീട് ഹാക്കിങ് എന്ന് തിരുത്തി.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി.ബൈജുവിനാണ് ഫേസ്ബുക്ക് പേജിന്‍റെ ചുമതല. രാത്രി വീഡിയോ അപ്‌ലോഡ് ചെയ്ത അഡ്മിനില്‍ ഒരാള്‍ ലിങ്ക് കോപ്പി ചെയ്തതിനൊപ്പം പേജിന്‍റെ പേരു കാണും വിധം വീഡിയോ സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്തു. പി.പി.ദിവ്യയെ സ്വീകരിക്കാന്‍ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ അടക്കം പോയതില്‍ ജില്ലയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും കടുത്ത അമര്‍ഷമുണ്ട്. ഇതിലുള്ള അമര്‍ഷമോ പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥിയോടുള്ള താല്‍പര്യക്കുറവോ ആകാം വീഡിയോയ്ക്ക് പിന്നിലെന്നാണ് സംശയം. അതേസമയം, സമ്മേളനകാലത്തെ ഭിന്നതയെന്നും ആരോപണം ഉണ്ട്.