തിരുവനന്തപുരം: കെ.എൻ. ബാലഗോപാലിൻ്റെ ധനകാര്യ മാനേജ്മെൻ്റ് മൂലം സിറ്റിംഗ് സീറ്റായ ചേലക്കരയും സി പി എമ്മിന് നഷ്ടപ്പെടാൻ സാധ്യത. പട്ടിക ജാതി – പട്ടിക വർഗ വകുപ്പുകളോടുള്ള ധന വകുപ്പിൻ്റെ അവഗണന ചേലക്കരയിൽ വൻ ചർച്ചയായി മാറിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണ് പട്ടിക ജാതി പട്ടിക വർഗ വകുപ്പുകൾ.
ധനവകുപ്പ് ഫണ്ട് നൽകാത്തത് മൂലം പട്ടികജാതി -പട്ടിക വർഗ വകുപ്പുകളുടെ ഇന്ന് വരെയുള്ള പദ്ധതി ചെലവ് 41 ശതമാനവും 31 ശതമാനവും ആണെന്ന് പ്ലാനിംഗ് ബോർഡ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. 1462. 12 കോടി ആണ് 2024- 25 ലെ പട്ടികജാതി വകുപ്പിൻ്റെ പദ്ധതി വിഹിതം.
ധനവകുപ്പ് വകുപ്പ് അനുവദിച്ചതാകട്ടെ പദ്ധതി വിഹിതത്തിൻ്റെ 41.37 ശതമാനവും. 709. 68 കോടി പദ്ധതി വിഹിതം ഉള്ള പട്ടികവർഗ വകുപ്പിന് ധനവകുപ്പ് നൽകിയത് 31.44 ശതമാനം മാത്രവും. സാമ്പത്തിക വർഷം പിന്നിടാൻ അഞ്ച് മാസം മാത്രമാണ് ഉള്ളത്. സർക്കാർ ആകട്ടെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലും.
ഈ സാമ്പത്തിക വർഷം കടമെടുക്കാൻ അനുവാദമുള്ള 37512 കോടിയിൽ 25,498 കോടിയും കെ.എൻ. ബാലഗോപാൽ കടമെടുത്ത് കഴിഞ്ഞു. പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാനുള്ള നീക്കം ധനവകുപ്പിൽ ദൃതഗതിയിൽ നടക്കുകയാണ്. അതുകൊണ്ട് തന്നെ പദ്ധതി ചെലവ് പകുതിയായി ചുരുങ്ങും എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.