റിയാദ്: കേരളക്കരയൊന്നാകെ കാത്തിരുന്ന നിമിഷം സംഭവിച്ചു. പതിനെട്ട് വര്‍ഷത്തിന് ശേഷം അബ്ദുല്‍ റഹീം തന്റെ ഉമ്മയെ കണ്ടു. സൗദി പൗരനെ കൊന്ന കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം മലയാളി കള്‍ക്ക് ഏറെ പരിചിതമായ മുഖമാണ്.
ഓരോ മലയാളിയും അദ്ദേഹത്തിന്‍രെ മോചനത്തിനായി കാത്തിരിക്കുകയുമാണ്. മരണപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാനായി ദയാധനം സമാഹരിച്ചത് മലയാളികളുടെ ഒത്തൊരുമയാല്‍ ആയിരുന്നു. കുറച്ച് ദിവസങ്ങളായിട്ട് അബ്ദുല്‍ റഹീമിന്റെ അമ്മ ജയിലില്‍ എത്തിയിരുന്നുവെങ്കിലും പ്രിയപ്പെട്ട മകനെ കാണാന്‍ സാധിച്ചിരുന്നില്ല. ഇന്ന് ആ മുഹൂര്‍ത്തം വന്നണഞ്ഞു.
ഉമ്മയുള്‍പ്പെടെയുള്ള തന്റെ ബന്ധുക്കളെയെല്ലാം അബ്ദുല്‍ റഹീം കണ്ടു. ഉമ്മ ഫാത്തിമ, സഹോദരന്‍, അമ്മാവന്‍ എന്നിവരെ യാണ് റഹീം കണ്ടത്. 18 വര്‍ഷത്തിനിടെ ആദ്യമായാണ് കുടുംബവുമായുള്ള റഹീമിന്റെ കൂടിക്കാഴ്ച. ഉംറ നിര്‍വഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയ ഫാത്തിമ റിയാദ് അല്‍ഖര്‍ജ് റോഡിലെ അല്‍ ഇസ്‌ക്കാന്‍ ജയിലില്‍ എത്തിയാണ് റഹീമിനെ കണ്ടത്. ഉമ്മയെ ജയിലില്‍ വെച്ച് കാണാന്‍ മനസ് അനുവദിക്കാത്തത് കൊണ്ടാണ് താന്‍ മുന്‍പ് കാണാതിരുന്നതെന്നാണ് റഹീം അന്ന് പ്രതികരിച്ചത്.