BusinessCinemaNews

4,600 കോടി രൂപ ആസ്തിയുള്ള ഏറ്റവും ധനികയായ ആ നടി.. താരറാണി ഐശ്വര്യ റായിയേക്കാൾ പലമടങ്ങ് മുൻപിൽ

ജൂഹി ചൗള എന്ന പേര് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം വരിക ഹരികൃഷ്ണന്മാരുടെ ഹൃദയം കട്ടെടുത്ത മീരയെയാണ്. ജൂഹിയുടെ പ്രണയത്തിനു വേണ്ടി ഇരുവരും ആകുവോളം മത്സരങ്ങളും പോരാട്ടങ്ങളും നടത്തിയത് മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല. 1998 പുറത്തിറങ്ങിയ ചിത്രം ബോക്സ്ഓഫീസിൽ പണം വാരികൂട്ടിയിരുന്നു. ഈ ചിത്രത്തിലൂടെയാണ് മലയാളികൾക്ക് ജൂഹി സുപരിചിതമായി തുടങ്ങിയത്.

എന്നാൽ, മലയാളികൾക്ക് മാത്രമല്ല, സിനിമാ വ്യവസായത്തിൽ 1990 – കളിൽ അറിയപ്പെടുന്ന ഒരു വലിയ പേരായിരുന്നു ജൂഹി ചൗള എന്നത്. 1980 -90കളിൽ ജൂഹി ബോളിവുഡിലെ താര മൂല്യമുള്ള അഭിനേത്രിയായിരുന്നു. ഇതിനു പുറമെ, ബോളിവുഡ് കിംഗ് ഖാന്റെ കൂട്ടുകെട്ടായിരുന്നു. സിനിമയിലും ബിസിനസിലുമെല്ലാം. വിവാഹ ശേഷം തന്റെ സിനിമ ജീവിതത്തിൽ മങ്ങൽ ഉണ്ടാവുകയും, ഒരു ബോക്സ് ഓഫീസ് ഹിറ്റ് പോലും നൽകാൻ സാധിക്കാതെയിരുന്നെങ്കിലും, രാജ്യത്തെ തന്നെ ഏറ്റവും ധനികയായ നടിയായി ഉയർന്നു എന്നതാണ് രസകരം.

തൻ്റെ സമകാലിക നടിമാരെയും കൂടാതെ നിലവിലെ നടിമാരായ ആലിയ ഭട്ട്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര എന്നിവരെയും മറികടന്ന് ഉള്ളതാണ് ജൂഹിയുടെ ആസ്തി. ഈയടുത്തിടെ പുറത്തിവിട്ട ഹുറൂൺ സമ്പന്ന റിപ്പോർട്ട് പ്രകാരം ജൂഹി ചൗളയുടെ ആസ്തി ഐശ്വര്യ റായ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ എന്നിവരുടെ മൊത്തം സമ്പത്തിനേക്കാൾ പലമടങ്ങ് കൂടുതലാണ്.

ഹുറൂൺ പട്ടിക പ്രകാരം 4,600 കോടി രൂപയുടെ ആസ്തിയാണ് 90കളിലെ ഈ താരറാണിക്കുള്ളത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ അഭിനേതാക്കളുടെ പട്ടികയിൽ ഒന്നാമതുള്ളത് ജൂഹിയുടെ സുഹൃത്തും ബിസിനസ് പാർട്ണറുമായ ഷാരുഖാണുള്ളത്. രണ്ടാം സ്ഥാനത്താണ് ജൂഹി ചൗള. ഇതോടെ തനിയെ പോരാടി സ്വയം വളർന്നു വന്ന വനിതയാണ് ഈ 56 -കാരി. സമ്പന്ന നടികളില്‍ രണ്ടാം സ്ഥാനത്തുള്ള ഐശ്വര്യ റായുടെ ആസ്തി 850 കോടിയാണ്. അപ്പോൾ തന്നെ മനസിലാക്കാവുന്നതാണ് ജൂഹിയുടെ ആസ്തി എത്രമാത്രം മുന്നിലാണെന്നത്.

ജൂഹി ചൗളയുടെ ആസ്തി

ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ജൂഹി ചൗളയുടെ സമ്പത്തിന്റെ തുടക്കം തന്റെ സിനിമ ജീവിതത്തിൽ നിന്നാണ്. നടിയുടെ സമ്പത്തിൽ ഗണ്യമായ വർദ്ധനവ് ആരംഭിച്ചത് 1990-കളിൽ ഇന്ത്യൻ അഭിനേതാക്കൾ ഓരോ സിനിമയ്ക്കും ഒരു കോടി രൂപ ചോദിക്കാൻ തുടങ്ങിയതോടെയാണ്. ഇത് അവരുടെ സമ്പത്തിലും പ്രതിഫലത്തിലും കുതിച്ചുചാട്ടത്തിന് കാരണമായി.

താമസിയാതെ, വലിയ താരങ്ങൾ എണ്ണമറ്റ അംഗീകാരങ്ങളുടെ മുഖങ്ങളായി മാറി. നിരവധി ബിസിനസുകൾ സ്ഥാപിക്കുകയും കാലക്രമേണ കോടീശ്വരന്മാരാകുകയും ചെയ്തു. അതിനാൽ, ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 നടിമാരിൽ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും ധനികയായ നടി ഇടം നേടിയതിൽ അതിശയിക്കാനില്ല. മാഗി, പെപ്‌സി, കുര്‍കുറെ, കെല്ലോഗ്‌സ് തുടങ്ങി നിരവധി ജനകീയ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

90-കളിൽ ബോക്‌സ് ഓഫീസിൽ മുൻനിര താരമായിരുന്നെങ്കിലും 2009-ൽ ലക്ക് ബൈ ചാൻസ് എന്ന ചിത്രമാണ് ജൂഹിയുടേതായി അവസാനമായി ബോക്‌സോഫീസ് ഹിറ്റ്. ജൂഹിയുടെ സമ്പത്തിൻ്റെ നല്ലൊരു ശതമാനവും അവരുടെ ബിസിനസ് സംരംഭങ്ങളിൽ നിന്നാണ്. പ്രത്യേകിച്ച് റെഡ് ചില്ലീസ് ഗ്രൂപ്പിലെ അവരുടെ പ്രധാന പങ്കാളിത്തം. ഒരു സഹസ്ഥാപക എന്ന നിലയിൽ ജൂഹി സിനിമകളുടെ സഹ-നിർമ്മാതാവും, കൂടാതെ
കൂടാതെ ഐപിഎല്ലിൻ്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉൾപ്പെടെ നിരവധി ക്രിക്കറ്റ് ടീമുകളുടെ സഹ-ഉടമസ്ഥയാണ്.

ഇതിനുപുറമെ ജൂഹിക്ക് ഗണ്യമായ ഒരു റിയൽ എസ്റ്റേറ്റ് പോർട്ട്ഫോളിയോയും, കോടീശ്വരനായ ബിസിനസുകാരനായ ഭർത്താവ് ജയ് മേത്തയ്‌ക്കൊപ്പം വിവിധ നിക്ഷേപങ്ങളും ഉണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ജൂഹി ചൗളയ്ക്ക് ആസ്റ്റൺ മാർട്ടിൻ റാപ്പിഡ് ബിഎംഡബ്ല്യു 7 സീരീസ് മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് ജാഗ്വാർ എക്‌സ്‌ജെ, പോർഷെ കയെൻ എന്നിവ ഉൾപ്പെടുന്ന മികച്ച കാറുകളുടെ ശേഖരം ഉണ്ട്.

ഇതിൽ ആശ്ചര്യകരം എന്തെന്നാൽ, ജൂഹിയ്ക്ക് ശേഷമുള്ള അഞ്ച് സമ്പന്നരായ ഇന്ത്യൻ നടിമാരുടെ ആസ്തി എടുത്തുനോക്കിയാലും, അത് ജൂഹി ചൗളയുടെ അമ്പരപ്പിക്കുന്ന ആസ്തിയായ 4,600 കോടിക്ക് താഴെയാണുള്ളത്. ജൂഹിക്ക് ശേഷം രണ്ടാം സ്ഥാനത്ത് ഐശ്വര്യ റായ് ബച്ചനാണ്, 100 മില്യൺ ഡോളറിലധികം (ഏകദേശം 850 കോടി രൂപ) ആസ്തിയുണ്ട്. 650 കോടി രൂപയുടെ ആസ്തിയുമായി പ്രിയങ്ക ചോപ്ര മൂന്നാം സ്ഥാനത്തെത്തി. ഈ രണ്ട് നടിമാരുടെയും ആസ്തിയിലെ കുതിച്ചുചാട്ടം അവരുടെ അന്താരാഷ്ട്ര പ്രൊജക്റ്റുകളിൽ നിന്നും നിർമ്മാണ സംരംഭങ്ങളിൽ നിന്നുമാണ്. വൻകിട ബിസിനസ് സംരംഭങ്ങളുടെ ഉടമകളായ നിലവിലെ മുൻനിര താരങ്ങളായ ആലിയ ഭട്ടും ദീപിക പദുക്കോണും ചേർന്നാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *