2023 സാമ്പത്തിക വർഷത്തിൽ വാർഷിക സർവ്വേ ഓഫ് ഇൻഡസ്ട്രീസ് പ്രകാരം നിർമ്മാണ വ്യവസായങ്ങളിലെ മൊത്തം ജീവനക്കാരുടെ എണ്ണം 7.5 ശതമാനം വർധിച്ചതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരം സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയമാണ് പുറത്തുവിട്ടിരിക്കുന്നത്.
2021-22 ലെ 1.72 കോടിയിൽ നിന്ന് 2022-23 ൽ 7.5 ശതമാനം വർധിച്ച് 1.84 കോടിയായി ഉയർന്നതായാണ് സർവേയിൽ പറയുന്നത്. കഴിഞ്ഞ 12 വർഷത്തിനിടയിലെ ഉൽപ്പാദന വ്യവസായങ്ങളിലെ ഏറ്റവും ഉയർന്ന തൊഴിലവസര വർധന നിരക്കാണിത്.
ഭക്ഷ്യ ഉൽപന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികളിലാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ തുണിത്തരങ്ങൾ, അടിസ്ഥാന ലോഹങ്ങൾ, വസ്ത്രങ്ങൾ,മോട്ടോർ വാഹനങ്ങൾ, ട്രെയിലറുകൾ, സെമി ട്രെയിലറുകൾ എന്നിവയും രേഖപ്പെടുത്തിയതായി പുതിയ വാർഷിക സർവ്വേ ഓഫ് ഇൻഡസ്ട്രീസ് റിപ്പോർട്ടിൽ പറയുന്നു.
2015-16 ലെ 11.13 കോടിയെ അപേക്ഷിച്ച്, 2022-23 ൽ അനൗപചാരിക മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 16.45 ലക്ഷം അതായത് ഏകദേശം 1.5 ശതമാനം കുറഞ്ഞ് 10.96 കോടിയായി. ഈ വർഷം ജൂലൈയിൽ പുറത്തിറങ്ങിയ അൺഇൻകോർപ്പറേറ്റഡ് എൻ്റർപ്രൈസസിൻ്റെ വാർഷിക സർവേ (20ASU2SE) പ്രകാരമാണിത്.
കോവിഡിന്റെ ആഘാതം തുടച്ചുനീക്കപ്പെട്ടത്തായി നീതി ആയോഗ് സി ഇ ഓ ബി വി ആർ സുബ്രഹ്മണ്യം വാർഷിക സർവ്വേ ഓഫ് ഇൻഡസ്ട്രീസ് ഡാറ്റ റിലീസിനെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിർമ്മാണ മേഖല ഇപ്പോൾ ഉയർച്ചയിലാണ്, അത് വളരെ വ്യക്തമാണ്. ഈ കണക്കുകൾ ഞങ്ങളെയും അത്ഭുതപ്പെടുത്തുന്നുവെന്ന്, അദ്ദേഹം പറഞ്ഞു.
വ്യാവസായിക സ്ഥിതിവിവരക്കണക്കുകളുടെയും സംഘടിത നിർമ്മാണത്തിനുള്ള ഡാറ്റയുടെയും പ്രധാന ഉറവിടമാണ് വാർഷിക സർവ്വേ ഓഫ് ഇൻഡസ്ട്രീസ് റിപ്പോർട്ട്. ഇതിൽ രജിസ്റ്റർ ചെയ്ത ബീഡി, പുകയില നിർമാണ സ്ഥാപനങ്ങളും സർവേയിൽ ഉൾപ്പെടുന്നു.
2022-23 ലെ ഉൽപ്പാദന വളർച്ചയുടെ പ്രധാന പ്രേരകങ്ങൾ, ലോഹം, കോക്ക്, റിഫൈൻഡ് പെട്രോളിയം ഉൽപന്നങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ, കെമിക്കൽ ഉൽപന്നങ്ങൾ, മോട്ടോർ വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങലാണെന്ന് മന്ത്രാലയം അറിയിച്ചു.
2021-22 നെ അപേക്ഷിച്ച് ഈ വ്യവസായങ്ങൾ ഒന്നിച്ചെടുക്കുകയാണെങ്കിൽ, ഈ മേഖലയുടെ മൊത്തം ഉൽപാദനത്തിൻ്റെ 58% സംഭാവന ചെയ്യുന്നു. കൂടാതെ, 24.5% ഉൽപാദന വളർച്ചയും 2.6% GVA വളർച്ചയും ഉണ്ടായതായി, മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
2022-23ൽ മാനുഫാക്‌ചറിംഗ് വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണം 2018-19-ലെ പകർച്ചവ്യാധിക്ക് മുമ്പുള്ള നിലയേക്കാൾ 22.14 ലക്ഷത്തിലധികം കൂടുതലാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 2022-23-ൽ ശരാശരി ശമ്പളവും മെച്ചപ്പെട്ടു. ഒരാൾക്ക് ശരാശരി ശമ്പളം മുൻ വർഷത്തെ അപേക്ഷിച്ച് 6.3 ശതമാനം വർദ്ധിച്ചു റിപ്പോർട്ടിൽ പറയുന്നു.
ജിവിഎ വളർച്ച നിരക്കിൽ, 2022-23ൽ മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. പിന്നാലെ ഗുജറാത്ത്, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാങ്ങളാണുള്ളത്. 2022-23ൽ രാജ്യത്തിൻ്റെ മൊത്തം ഉൽപ്പാദനം ജിവിഎയുടെ 54 ലക്ഷത്തിലധികം സംഭാവന നൽകിയത് ഈ അഞ്ച് സംസ്ഥാനങ്ങളാണ്.
മൂലധന നിക്ഷേപത്തിൻ്റെ പ്രോക്സിയായ മൊത്ത സ്ഥിര മൂലധന രൂപീകരണം 2021-22 ലെ 3.3 ലക്ഷം കോടി രൂപയിൽ നിന്ന് 2022-23 ൽ 77 ശതമാനമായി അതായത് 5.85 ലക്ഷം കോടി രൂപയായി ഉയർന്നു. മൂല്യത്തകർച്ച നീക്കം ചെയ്തതിന് ശേഷം അറ്റ സ്ഥിര മൂലധന രൂപീകരണം 781.6 ശതമാനം വർധിച്ച് 2.68 ലക്ഷം കോടി രൂപയായി. ഉൽപ്പാദന മേഖലയിലെ ലാഭം 2.7 ശതമാനം വർധിച്ച് 9.76 ലക്ഷം കോടി രൂപയായി.
മഹാമാരി ബാധിച്ച വർഷങ്ങളിൽ സ്ഥിര മൂലധന നിക്ഷേപങ്ങൾ കുത്തനെ ബാധിച്ചു. 2021-22ൽ മൊത്ത സ്ഥിര മൂലധന രൂപീകരണം 11 ശതമാനം കുറഞ്ഞ് 2019-20-ലെ പകർച്ചവ്യാധിക്ക് മുമ്പുള്ള വർഷത്തിലെ 4.17 ലക്ഷം കോടി രൂപയിൽ നിന്ന് 3.30 ലക്ഷം കോടി രൂപയായി കുറഞ്ഞു.
2022-23 ൽ, മെറ്റീരിയലുകൾ, ഇന്ധനങ്ങൾ, സെമി-ഫിനിഷ്ഡ് ഗുഡ്‌സ് എന്നിവയുടെ സ്റ്റോക്ക് 50 ശതമാനത്തിലധികം ചുരുങ്ങി. അതേസമയം ഫിനിഷ്ഡ് ഗുഡ്‌സിൻ്റെ സ്റ്റോക്കിൽ 36.1 ശതമാനം കുറവുണ്ടായി. ഈ സംഖ്യകൾ പ്രതിവർഷം 7.5 ശതമാനം ജിഡിപി വളർച്ചാ നിരക്കായി കണക്കാക്കുമ്പോൾ, ജിഡിപിയിലും തൊഴിലവസരത്തിലും ഉൽപ്പാദനമേഖലയുടെ പങ്ക് ഉയരുമെന്നും ബി വി
ആർ സുബ്രഹ്മണ്യം കൂട്ടിച്ചേർത്തു.