ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പുതിയ സന്തോഷ വാർത്തയെത്തി. പരിശീലകനൊപ്പം ഇനി സിഇഒയും പുതിയ ആൾ. ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അഭിക് ചാറ്റർജിയെ നിയമിച്ചു. ഒക്ടോബർ 3 ന് ബ്ലാസ്റ്റേഴ്സിനൊപ്പം അഭിക്ക് തൻ്റെ പ്രവർത്തനം ആരംഭിക്കുമെന്ന് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിന് മുമ്പ്, സൂപ്പർ ലീഗ് കേരളയിലെ സാങ്കേതിക പ്രവർത്തനങ്ങളുടെ തലവനായിരുന്നു അഭിക്ക്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഫത്തേഹ് ഹൈദരാബാദ് എഎഫ്സി, ഒഡീഷ എഫ്‌സി എന്നിവയ്‌ക്കൊപ്പം വിവിധ റോളുകളിലും അഭിക്ക് പ്രവർത്തിച്ചിട്ടുണ്ട്.
“കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ്ബിൻ്റെ എല്ലാ ആരാധകർക്കും പങ്കാളികൾക്കും ഒപ്പം എൻ്റെ സ്ഥാനം ഏറ്റെടുക്കാൻ കഴിഞ്ഞത് വലിയ അംഗീകാരമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേരേണ്ടി വന്നപ്പോൾ ഞാൻ മടിച്ചില്ല,” അഭിക് പറഞ്ഞു.
പുതുതായി നിയമിതനായ കോച്ച് മൈക്കേൽ സ്റ്റാറേയുടെ കീഴിൽ ബ്ലാസ്റ്റേഴ്സ് മൂന്ന് കളികളിൽ നിന്ന് നാല് പോയിൻ്റുമായി ഐഎസ്എൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണുള്ളത്.
ഞായറാഴ്ച ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ 1-1ന് സമനില വഴങ്ങിയിരുന്നു. പിന്നാലെ ഒക്ടോബർ മൂന്നിന് ബ്ലാസ്റ്റേഴ്‌സ് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വച്ച് ഒഡീഷ എഫ്‌സിയെ നേരിടും.