
ഇന്ത്യൻ ടീം, പാകിസ്ഥാനിൽ പോകുമോയെന്ന് ഗവൺമെൻ്റ് തീരുമാനിക്കും: ബിസിസിഐ
ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ പാക്കിസ്ഥാനിൽ ഷെഡ്യൂൾ ചെയ്യുന്ന 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ, ഇന്ത്യയുടെ പങ്കാളിത്തം സർക്കാരിൻ്റെ തീരുമാനത്തിലായിരിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല പറഞ്ഞു.
“അന്താരാഷ്ട്ര പര്യടനങ്ങൾക്ക് സർക്കാറിൻ്റെ അനുമതി തേടുക എന്നതാണ് ബിസിസിഐയുടെ നയമാണ്. ഞങ്ങളുടെ ടീം ഏതെങ്കിലും രാജ്യത്തേക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്,” രാജീവ് പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിന് ശേഷം 2008 മുതൽ ഇന്ത്യ പാകിസ്ഥാനിൽ ക്രിക്കറ്റ് കളിച്ചിട്ടില്ല. 2023-ലെ ഏകദിന ലോകകപ്പിനായി പാകിസ്ഥാൻ, ഇന്ത്യ സന്ദർശിച്ചിരുന്നു. എന്നാൽ, ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.
2023 ലെ ഏഷ്യാ കപ്പിൽ ഉപയോഗിച്ച നയം പരിഗണിച്ച് ടൂർണമെൻ്റ് ശ്രീലങ്കയിലേക്കോ ദുബായിലേക്കോ മാറ്റാൻ ഐസിസിയോട് ഇന്ത്യ സമ്മർദ്ദം ചെലുത്തിയേക്കും.