ചെന്നൈയിൽ ഇന്ത്യ-ഓസ്ട്രേലിയ അണ്ടർ-19 ടീമുകൾ ഏറ്റുമുട്ടുന്ന, അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഞെട്ടിച്ച് പതിമൂന്നു വയസ്സുകാരൻ വൈഭവ്. ഇന്ത്യൻ ഓപ്പണറായി ക്രീസിൽ ഇറങ്ങിയ വൈഭവ് 47 പന്ത് നേരിട്ട് 81 റൺസുമായി പുറത്താകാതെ നിന്നു.
ഈ സ്കോർ ഒരു ലോക റെക്കോഡ് കൂടിയാണ്. അന്താരാഷ്ട്ര തലത്തിൽ അർധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റർ ഇനി ഈ ബിഹാറുകാരനാകും. ബംഗ്ലാദേശിന്‍റെ ഇപ്പോഴത്തെ ടെസ്റ്റ് ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്‍റോ പതിനാലാം വയസിൽ നേടിയ റെക്കോഡാണ് ഇന്ത്യയുടെ പുത്തൻ പ്രതീക്ഷയായ ഇടങ്കയ്യൻ തകർത്തെറിഞ്ഞത്. റെക്കോർഡ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് പാക് താരം ഹസൻ റാസയാണ്.
ഇന്ത്യ അണ്ടർ-19 ടീമിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അണ്ടർ-19 ആദ്യ ദിവസം തന്നെ 293 റൺസിന് ഓൾഔട്ടായിരുന്നു. ഇതിനു ശേഷം വൈഭവും സഹ ഓപ്പണർ വിഹാൻ മൽഹോത്രയും (37 പന്തിൽ 21) ചേർന്ന് 103 റൺസ് എത്തിച്ചിട്ടുണ്ട്.