തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷമായി ലോട്ടറിയുടെ വരുമാന കണക്കുകൾ പുറത്തുവിടാതെ സർക്കാർ. അവസാനമായി 2021-22 വർഷത്തെ കണക്കുകൾ പുറത്തുവിട്ട ശേഷം ഇതുവരെ കൃത്യമായ വരുമാന കണക്കുകൾ ലോട്ടറി വകുപ്പ് പുറത്ത് വിട്ടിട്ടില്ല. ഇക്കാര്യം ലോട്ടറി വകുപ്പിൻ്റെ വെബ്സൈറ്റിൽ നിന്ന് തന്നെ വ്യക്തമാണ്. 2021-22 വരെയുള്ള കണക്കുകൾ അപ്ഡേറ്റ് ചെയ്ത സർക്കാർ കഴിഞ്ഞ രണ്ട് വർഷമായി ലോട്ടറി വരുമാനം മറച്ച് വയ്ക്കാൻ ശ്രമിക്കുകയാണെന്ന് വ്യക്തം.
മദ്യവും ലോട്ടറിയും കേരളത്തിൻ്റെ പ്രധാന വരുമാന സ്രോതസുകൾ ആയിരിക്കെയാണ് സർക്കാർ കണക്കുകൾ പുറത്തുവിടാതെ പൂഴ്ത്തി വയ്ക്കുന്നത്. അതേസമയം ലോട്ടറിയിൽ നിന്നുള്ള വരുമാനം മൊത്തം റവന്യുവിൻ്റെ രണ്ട് ശതമാനം മാത്രമാണെന്ന് മുൻപ് സർക്കാർ പറഞ്ഞിരുന്നു. 2021-22 വർഷത്തെ വരുമാനം 4911 കോടി ആയിരുന്നു. ഇതിലെ നികുതി ഒഴിച്ചുള്ള ലാഭം 472 കോടിയും ആയിരുന്നു. എന്നാൽ കൊറോണയെ തുടർന്ന് വരുമാനത്തിൽ ഇക്കാലത്ത് ഇടിവ് ഉണ്ടായിരുന്നു. ശേഷമുള്ള ലോട്ടറി വരുമാനത്തെ സംബന്ധിച്ച കണക്കുകൾ പുറത്തുവിടാത്തതാണ് സംശയത്തിന് ഇട വരുത്തുന്നത്.
1967 ൽ ലോട്ടറി ആരംഭിച്ചപ്പോൾ മുതലുള്ള കണക്കുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇത് പ്രകാരം 1967-68 ൽ 20 ലക്ഷം രൂപ മൊത്തം വരുമാനവും 14 ലക്ഷം ലാഭവും ആയിരുന്നു. പിന്നീട് 1977-78 ൽ മൊത്ത വരുമാനം 2.75 കോടിയിലേക്ക് ഉയർന്നു. 2000 ആകുമ്പോഴേക്കും 100 കോടിയും 2011 ആകുമ്പോഴേക്കും 1000 കോടിയും കവിഞ്ഞിരുന്നു. 2019-20 ൽ മൊത്ത വരുമാനം 10000 കോടിക്ക് അടുത്തെത്തിയിരുന്നു. എന്നാൽ അടുത്ത വർഷം കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് വരുമാനം കുറയുകയും ചെയ്തു. പിന്നീടിങ്ങോട്ട് വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ കണക്കുകൾ പുറത്ത് വിടാത്തതിനാൽ ഇക്കാര്യത്തിൽ വ്യക്തത ഇല്ല.