മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു കൊള്ള സംഘം പ്രവർത്തിക്കുന്നവെന്നാരോപണം ഉയർന്നതിന് പിന്നാലെ പദ്ധതി നടപ്പാക്കാൻ പോലും ഖജനാവിൽ പണമില്ലാത്ത അവസ്ഥയിൽ സർക്കാർ. പദ്ധതികളുടെ മെല്ലെപോക്ക് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് ഖജനാവ് കാലിയാണെന്ന് വകുപ്പുകൾ കുറ്റപ്പെടുത്തുന്നത്. മൊത്തം 1127 പദ്ധതികളാണ് നടപ്പാക്കാതെയോ പാതിവഴിക്കൊ മുടങ്ങികിടക്കുന്നത്.
മുഖ്യമന്ത്രി നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ നേരിട്ട് നടത്തിയ പരിശോധനയിലാണ് മെല്ലെപോക്ക് സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തിയിരിക്കുന്നത്. പണമില്ലാത്തതും, വകുപ്പുകൾ തമ്മിൽ ഏകോപന സമീപനമില്ലാത്തതും ട്രഷറി നിയന്ത്രണവുമെല്ലാം ഇതിന് കാരണമെന്ന് വകുപ്പുകൾ ചൂണ്ടിക്കാട്ടുന്നു.
മൊത്തം 38,886 കോടിയാണ് ഈ വർഷത്തെ പദ്ധതികൾക്കായി അനുവദിച്ചിരിക്കുന്നത്. ഇതിൽ ഏകദേശം 25 ശതമാനത്തോളം മാത്രമാണ് പദ്ധതികൾക്കായി സർക്കാർ ചിലവഴിച്ചിരിക്കുന്നത്. ബാക്കി വരുന്ന 75 ശതമാനത്തോളം വരുന്ന രൂപയുടെ പദ്ധതികൾ പ്രസന്ധിയിലായിരിക്കുകയാണ്.
ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള കുടിശിക കൊടുത്തുതീർക്കുന്നതിലേക്ക് മുൻ തൂക്കം നൽകിയതാണ് വകുപ്പുകൾ വെട്ടിയിലായിരിക്കുന്നത്. ഇതേ തുടർന്ന് പദ്ധതികൾ വെട്ടിക്കുറയ്ക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. പല പദ്ധതികളും തുടരണോ വേണ്ടയോ എന്നതിൽ വ്യക്തതയില്ല. ഇതുവരെ തുടങ്ങാത്ത പദ്ധതികളാണെങ്കിൽ സർക്കാർ തീരുമാനമായതിന് ശേഷം മതിയെന്ന് വിവിധ വകുപ്പുകളിലെ സെക്രട്ടറിമാർ തീരുമാനമെടുത്തു.
ഇതുവരെയുള്ള പദ്ധതി നിർവഹണത്തിൽ കുറച്ചെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. 8532 കോടിരൂപ അനുവദിച്ചതിൽ ഏകദേശം 36 ശതമാനത്തോളം ഇതിനോടകം ചിലവഴിച്ച് കഴിഞ്ഞു.
അതേസമയം, പദ്ധതികളുടെ പുരോഗതി സൂക്ഷ്മ നിരീക്ഷണം നടത്തുന്നതിനും കൃത്യ സമയത്ത് നടപ്പിലാക്കുന്നതിനും ഓരോ വകുപ്പും നോഡൽ ഓഫീസറെ നിയമിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.