Malayalam Media LIve

സിപിഎം വോട്ട് ബിജെപിക്ക് ചോർന്നെന്ന് സംസ്ഥാന കമ്മിറ്റി

പാർട്ടി വോട്ടുകൾ ബിജെപിക്ക് മറിയുകയാണെന്നു സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോർട്ട്. ആറ്റിങ്ങലിലെ എൽഡിഎഫ് പരാജയത്തിന്റെ കാരണം വോട്ടുകൾ ബിജെപിക്കു പോയതാണ്. ആലപ്പുഴയും തൃശൂരും അടക്കമുള്ള പല മണ്ഡലങ്ങളിലും ഇതുണ്ടായി. ആറ്റിങ്ങലിൽ യുഡിഎഫ് വിജയിച്ചത് എൽഡിഎഫ് വോട്ട് ബിജെപിക്കു ചോർന്നതു കൊണ്ടു മാത്രമാണെന്നും റിപ്പോർട്ട് പറയുന്നു.

മലപ്പുറം, പൊന്നാനി, ചാലക്കുടി, പത്തനംതിട്ട ഒഴിച്ചുള്ള 16 ലോക്സഭാ മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് വർധിച്ചു. 18 നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫിനെക്കാൾ കൂടുതൽ വോട്ട് ബിജെപി കിട്ടി.

എൽഡിഎഫിന് ലീഡ് കിട്ടിയ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണവും 18 ആണ്; ബിജെപി അടുത്തെത്തി–11 മണ്ഡലങ്ങളിൽ ലീഡ്. വിശ്വാസികളുടെ പിന്തുണ ആർജിക്കാനായി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു ബിജെപി നടത്തിയ നീക്കം ഗൗരവത്തോടെ കണ്ടില്ലെന്ന സ്വയംവിമർശനവും പാർട്ടി നടത്തി.

ലീഗുമായി ഇനി സന്ധി ചെയ്യില്ല

കേരള രാഷ്ട്രീയത്തില്‍ നയംമാറ്റങ്ങളിലേക്ക് സിപിഎം ചുവട് വയ്ക്കുന്നു. രാഷ്ട്രീയ ലൈന്‍ പൊളിച്ചെഴുതാനാണ് പാര്‍ട്ടി നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്നാണ് തീരുമാനം. അനുഭാവപൂര്‍ണമായ സമീപനം കൈക്കൊണ്ടിട്ടും ന്യൂനപക്ഷ വോട്ടുകള്‍ ഒറ്റക്കെട്ടായി യുഡിഎഫിലേക്ക് പോയത് കനത്ത തിരിച്ചടിയായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ന്യൂനപക്ഷങ്ങളോട് ചായുന്നുവെന്ന ആരോപണം ശക്തമായതോടെ സിപിഎമ്മിന്റെ പരമ്പരാഗതമായ വോട്ടുകളും പാര്‍ട്ടിയെ കൈവിട്ടു. ഇതെല്ലാം മനസിലാക്കിയാണ് പുതിയ രാഷ്ട്രീയ ലൈനിലേക്ക് പാര്‍ട്ടി നീങ്ങുന്നത്.

നയംമാറ്റത്തിന്റെ ഭാഗമായി ലീഗുമായി ഇനി സന്ധി ചെയ്യില്ല. എസ്ഡിപിഐയോടുള്ള സമീപനം ലീഗിനു കൂടി ബാധകമാക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ ഒരുമിച്ച് നേരിടാനാണ് സംസ്ഥാന കമ്മിറ്റി തീരുമാനം. ന്യൂനപക്ഷങ്ങളോട് ചായുന്ന നിലപാട് സ്വീകരിച്ചപ്പോള്‍ പാര്‍ട്ടിയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നുവെന്നും സിപിഎം വിലയിരുത്തിയിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സിപിഎം നീക്കങ്ങള്‍ പിഴച്ചത് പാര്‍ട്ടിയില്‍ വ്യാപക ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ -ഭൂരിപക്ഷ വോട്ടുകള്‍ ഒറ്റയടിക്ക് നഷ്ടമായതിന്റെ കാരണങ്ങള്‍ പാര്‍ട്ടി ഘടകങ്ങളില്‍ വിശദീകരിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ല. ഇത് രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ തെറ്റുതിരുത്തല്‍ പ്രക്രിയ നടക്കുമ്പോള്‍ തന്നെയാണ് നയങ്ങളില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിയും വരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *