തിയേറ്ററില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാതെ പോയ സൈജു കുറുപ്പ് നായകനായ ‘ഭരതനാട്യം’ ഒ.ടി.ടിയില്‍ സൂപ്പര്‍ ഹിറ്റായി. ഓഗസ്റ്റ് 30ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന്‍റെ സ്ട്രീമിംഗ് സെപ്റ്റംബര്‍ 27ന് ആരംഭിച്ചു. മനോരമ മാക്‌സ്, ആമസോണ്‍ പ്രൈം എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി അറിയിക്കുകയാണ് സിനിമയുടെ നിര്‍മാതാവും നായകനുമായ സൈജു കുറുപ്പ്. തിയേറ്ററില്‍ ശ്രദ്ധ ലഭിക്കാതെ പോയപ്പോള്‍ തോന്നിയ വിഷമം ഒ.ടി.ടി റിലീസിന് ശേഷം നിങ്ങള്‍ എല്ലാവരും കൂടി മാറ്റി തരുന്നു എന്നാണ് സൈജു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.
ചെറിയ ഇടവേളയ്ക്ക് ശേഷം നടി കലാരഞ്ജിനി തിരിച്ചു വരവ് നടത്തുന്ന ചിത്രമായ ‘ഭരതനാട്യം’ സായ്കുമാര്‍, മണികണ്ഠന്‍ പട്ടാമ്പി, അഭിരാം രാധാകൃഷ്ണന്‍, നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ദിവ്യ എം നായര്‍, ശ്രീജ രവി, ശ്രുതി സുരേഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തോമസ് തിരുവല്ലാ ഫിലിംസിന്‍റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, സൈജു കുറുപ്പ് എന്റര്‍ടെയ്ന്മെന്റിന്‍റെ ബാനറില്‍ അനുപമ നമ്പ്യാര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. ബബ്ലു അജു ഛായാഗ്രഹണവും, സാമുവല്‍ എബി സംഗീതവും, ഷഫീഖ് വിബി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.