ഇന്ത്യൻ സൂപ്പർ ലീഗിലെ ഹാട്രിക് മത്സരത്തിന് കൊമ്പന്മാർ ഗുവാഹത്തിയിൽ ഇന്നിറങ്ങും. രാത്രി 7 30ന് പടക്കുതിരകളായ നോർത്ത് ഈസ്റ്റ് ടുണൈറ്റിനെ നേരിടും. ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ മഞ്ഞപ്പടയെ ആവേശമാക്കാൻ നായകൻ്റെ തിരിച്ചുവരവ് കൂടിയുണ്ടാവും. കൊമ്പൻമാരുടെ പ്രിയപ്പെട്ട ലൂണ ഇന്ന് കളത്തിലിറങ്ങിയേക്കും.
നായകൻ്റെ തിരിച്ചുവരവിൽ ബ്ലാസ്റ്റേഴ്സിൻ്റെ രണ്ടാം വിജയമാണ് ആരാധകപ്പട കാത്തിരിക്കുന്നത്. ബംഗാളിനെതിരെ ഹോം സ്റ്റേഡിയത്തിലെ തകർപ്പൻ ജയത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ എവേ മാച്ചിന് വേണ്ടി ഒരുങ്ങുന്നത്.
മാറ്റുരയ്ക്കാൻ ഒട്ടും മോശക്കാരല്ല നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഈ സീസണിലെ ഡ്യൂറൻഡ് കപ്പ് സ്വന്തമാക്കുകയും, ഐഎസ്എല്ലിൽ ശക്തമായ പ്രതിരോധവും ആണ് നോർത്ത് ഈസ്റ്റിന്. ഇതുകൂടാതെ സ്വന്തം ഹോം ഗ്രൗണ്ടിൽ കളിക്കുന്നു എന്നതും അവരെ ശക്തരാക്കും.
നായകൻ ലൂണ ഇറങ്ങുമോ?
ആദ്യ രണ്ടു മത്സരങ്ങളിൽ മഞ്ഞപ്പട ഏറ്റവും അധികം മിസ്സ് ചെയ്ത അഡ്രിയൻ ലൂണ സീസണിലെ തൻ്റെ ആദ്യ മത്സരം ഗുവാഹത്തിൽ ഇന്ന് കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ലൂണ ടീമിനൊപ്പം യാത്ര ചെയ്യുന്നുണ്ട്.
ലൂണ കൂടിയിറങ്ങി മൂന്നാം മത്സരം മിന്നിപ്പിച്ചാൽ, മഞ്ഞപ്പടയ്ക്കായ് ഗുവാഹത്തിയിലൊരു സൂപ്പർ നൈറ്റ് വിരുന്നൊരുക്കാൻ കൊമ്പൻമാർക്ക് കഴിയും. ആശാൻ്റെ പകരക്കാരൻ മിക്കേൽ സ്റ്റാറയുടെ തന്ത്രങ്ങളിൽ നോർത്ത് ഈസ്റ്റിന് അടിപതറുമെന്ന് പ്രതീക്ഷിക്കാം. ഗാലറികൾ മഞ്ഞക്കടലാകാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.