മുലുഗു: തെലുങ്കാനയിലെ മുലുഗുവില്‍ കയ്യേറ്റക്കാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. ജെസിബി ഉപയോഗിച്ച് വനഭൂമി നിരപ്പാക്കുന്നത് തടഞ്ഞപ്പോഴാണ് ഓഫീസറുമാര്‍ക്ക് നേരെ ആക്രമണം നടന്നത്. തദ്വായി ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ വിനോദ് കുമാര്‍, ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ ശരത് ചന്ദ്ര, സുമന്‍ എന്നിവരാണ് ആക്രമണത്തിനിരയായത്. വനപാലകര്‍ റിസര്‍വ് വനമേഖലയിലെ പ്രവൃത്തി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും ജെസിബി വാഹനം പിടിച്ചെടുത്ത് തദ്വായി ഫോറസ്റ്റ് ഓഫീസിലെത്തിക്കുകയും ചെയ്തു. ഇതിനിടെ ജെസിബി ഉടമ ഗന്ത സൂരജ് റെഡ്ഡി സഹോദരന്‍ ചിന്തുവിനെയും സുഹൃത്ത് സായിയെയും വിളിച്ചു.
കടപൂര്‍ ഗ്രാമത്തിലേക്ക് പാഞ്ഞുകയറിയ ഇവര്‍ ഫോറസ്റ്റ് ഓഫീസറുടെ വാഹനം തടഞ്ഞുനിര്‍ത്തി വനപാലകരെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും വിരലുകള്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തു. ഫോറസ്റ്റ് ഓഫീസറുടെ ജീപ്പിനും കേടുപാടുകള്‍ വരുത്തിയ പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് ജെസിബിയുമായി രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് ഡിഎഫ്ഒ രാഹുല്‍ ജാദവ് യാദവും ജീവനക്കാരും സ്ഥലത്തെത്തി പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റി. വന പാലകര്‍ക്കെതിരെ ആക്രമണം നടന്നത് മനുഷ്യത്വരഹിതമായ സംഭവമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും രാഹുല്‍ ജാദവ് യാദവ് പറഞ്ഞു. വനം മന്ത്രി കൊണ്ട സുരേഖ പരിക്കേറ്റവരെ ഫോണില്‍ വിളിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി.