ചെന്നൈ: തമിഴ് നാട്ടിലെ ടാറ്റ മോട്ടോർസ് നിർമ്മാണ ശാലയ്ക്ക് എംകെ സ്റ്റാലിൻ തറക്കല്ലിട്ടു. റാണിപ്പെട്ട് പനപ്പാക്കത്ത് നിർമ്മിക്കുന്ന 9000 കോടിയുടെ നവീന നിർമ്മാണ ശാലയ്ക്കാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ തറക്കല്ലിട്ടത്. ദ്രവീഡിയൻ മോഡൽ വികസനം ഇന്ത്യക്ക് തന്നെ മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരനും തറക്കല്ലിടീൽ ചടങ്ങിൽ സന്നിഹിതനായി.
രാജ്യത്തിൻ്റെ 35 ശതമാനം വാഹന നിർമ്മാണം തമിഴ് നാട്ടിലാണെന്നും, 40 ശതമാനം വൈദ്യുത വാഹന ഉപഭോക്താക്കളും തമിഴ് നാട്ടിൽ നിന്നാണെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ സൂചിപ്പിച്ചു. തമിഴ് നാട് ഇന്ത്യക്ക് തന്നെ വഴികാട്ടി ആണെന്നും അദ്ദേഹം പറഞ്ഞു. ടാറ്റ മോട്ടോർസ്, ഹ്യൂണ്ടായ്, ഫോഡ്, നിസാൻ, വിൻഫാസ്റ്റ് തുടങ്ങിയ കമ്പനികൾ സംസ്ഥാനത്തിൻ്റെ വിപണിയെ 1 ട്രില്യനിലേക്ക് നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള നിക്ഷേപകരെ ആകർഷിക്കുന്ന ഇടമായി തമിഴ് നാട് തുടരുമെന്നും ടാറ്റ മോട്ടോഴ്‌സുമായുള്ള സഹകരണം സംസ്ഥാനത്തിന് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
5000 പേർക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയാണ് ടാറ്റാ മോട്ടോർസ് തമിഴ്‌നാട്ടിൽ ആരംഭിച്ചത്. 9000 കോടിയോളം രൂപയാണ് ടാറ്റ ഇവിടെ നിക്ഷേപിക്കുക. വൈദ്യുത വാഹനങ്ങളുൾപ്പെടെ നിർമ്മിക്കുന്ന ആധുനിക നിർമ്മാണ ശാലയാകും ഇത്. ‘ആഗോള വിപണിയെ ലക്ഷ്യമിട്ട് ഇന്ത്യയിൽ നിർമ്മിക്കു’ന്ന ആശയനത്തിൻ്റെ ഭാഗമാണ് പുതിയ യൂണിറ്റെന്ന് ടാറ്റ മീഡിയ വിഭാഗം വ്യക്തമാക്കി.
സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി കൂടുതൽ സ്ത്രീകൾക്ക് തൊഴിൽ നൽകാൻ ശ്രമിക്കുമെന്നും ടാറ്റ മോട്ടോർസ് ചെയർമാൻ വ്യക്തമാക്കി. 100 ശതമാനം പുനരുപയോഗ ഊർജം ഉപയോഗിച്ചാകും നിർമ്മാണ യൂണിറ്റ് പ്രവർത്തിക.