അൻവറിന് കമ്യൂണിസ്റ്റ് പാർട്ടിയെപ്പറ്റി ഒന്നും അറിയില്ലെന്ന് എംവി ഗോവിന്ദൻ

അൻവർ ഇപ്പോൾ വലതുപക്ഷത്തിൻ്റെ കയ്യിലെ കോടാലി ആയെന്നും അദ്ദേഹം വിമർശിച്ചു.

MV Govindan and PV Anvar

അൻവറിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അൻവറിന് കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് ധാരണയില്ലെന്നും അൻവർ ഇപ്പോൾ വലതുപക്ഷത്തിൻ്റെ കയ്യിലെ കോടാലി ആയെന്നും അദ്ദേഹം വിമർശിച്ചു. ഒക്ടോബർ മൂന്നിന് അൻവറുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു എന്നും അതിന് മുൻപേ അൻവർ അച്ചടക്കം ലംഘിച്ച് പരസ്യ പ്രസ്താവന നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അന്‍വറിൻ്റെ നിലപാടുകള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും ഗോവിന്ദൻ ആഹ്വാനം ചെയ്തു. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം അൻവറിനെതിരെ വിമർശനം കടുപ്പിച്ചത്. അന്‍വറിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് കാര്യമായ ധാരണയില്ലെന്നും പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് അന്‍വര്‍ എന്നും മുഖ്യമന്ത്രിയുടെ നിലപാട് ഗോവിന്ദനും ആവർത്തിച്ചു.

സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സാഹചര്യം അദ്ദേഹത്തിനില്ലെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകാന്‍ എംഎല്‍എ ആയിട്ട് പോലും അന്‍വറിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

അമര്‍ത്യാസെന്‍ ചൂണ്ടിക്കാട്ടിയ കേരള മോഡലിനെ ശക്തമാക്കുന്ന നടപടിയാണ് പാര്‍ട്ടിയും, സര്‍ക്കാരും ഇപ്പോൾ സ്വീകരിച്ച് പോരുന്നതെന്നും അദ്ദേഹം സർക്കാർ നടപടികളെ ന്യായീകരിച്ചൂ. അതേസമയം മുൻപ് സർക്കാരിനെതിരായ ആരോപണം ആണെന്നും ഭരണതലത്തിലാണ് നടപടി വേണ്ടത് എന്നും അൻവറിനെ പരോക്ഷമായി പിന്തുണയ്ക്കുന്ന നിലപാടാണ് എംവി ഗോവിന്ദൻ സ്വീകരിച്ചിരുന്നത്. ഇന്നലെ അൻവർ പാർട്ടിയിലുള്ള വിശ്വാസം നഷ്ടമായി എന്ന് തുറന്നടിച്ചതോടെ നിക്കള്ളിയില്ലാതെയാണ് എംവി ഗോവിന്ദൻ നിലപാട് മാറ്റിയതെന്നും വിമർശനമുയർന്നു.

സര്‍ക്കാരിന് കൊടുത്ത പരാതിയുടെ പകര്‍പ്പ് പാര്‍ട്ടിക്കും നല്‍കിയിട്ടുണ്ടെന്നും. ആദ്യ പരാതിയില്‍ പി ശശിക്കെതിരെ പരാമര്‍ശമില്ലായിരുന്നുവെന്നും പിന്നീടാണ് ഇത് ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് ഈ വിഷയം പരിശോധിക്കാതിരുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചു. യുഡിഎഫും ബിജെപിയും വാര്‍ത്താ മാധ്യമങ്ങളും എന്താണോ കേരളത്തിലെ സർക്കാരിനെതിരായി ഇതുവരെ പറഞ്ഞു കൊണ്ടിരുന്നത് അത് തന്നെയാണ് അൻവർ ആവർത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അൻവർ ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിച്ച് മുന്നോട്ട് പോവുക എന്ന സമീപനമാണ് പാര്‍ട്ടിക്കുള്ളതെന്നും അന്വേഷണങ്ങള്‍ മുറയ്ക്ക് തന്നെ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അംഗം പോലുമല്ലാത്ത അന്‍വറിന് നല്‍കാവുന്ന എല്ലാ പരിഗണനയും പാർട്ടി നൽകിയെന്നും. എന്നിട്ടും പാർട്ടി നിർദേശം അനുസരിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടും വക വയ്ക്കാതെയാണ് അൻവർ ഇന്നലെ തെളിവുകൾ നിരത്തി മുഖ്യമന്ത്രിക്ക് എതിരെ ആഞ്ഞടിച്ചത്. സിപിഎം സെക്രട്ടറിയും ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചില്ലെന്നും അൻവർ കുറ്റപ്പെടുത്തിയിരുന്നു.

വിധേയത്വത്തിനുമപ്പുറമാണ് ആത്മാഭിമാനം എന്ന് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ച ശേഷമാണ് അൻവർ വാർത്താ സമ്മേളനം വിളിച്ച് മുഖ്യനെതിരെ ആരോപണം കടുപ്പിച്ചത്. മുഖ്യൻ്റെ ശോഭ കെട്ടെന്നും, സിറ്റിംഗ് ജഡ്‌ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ പിണറായിയെ വെല്ലുവിളിക്കുന്നതായും അൻവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments