വീണ്ടും പരസ്യ പ്രസ്താവനയ്ക്ക് പിവി അൻവർ. വിധേയത്വത്തിനപ്പുറമാണ് ആത്മാഭിമാനമെന്നും അതിനാൽ ചില കാര്യങ്ങൾ തുറന്നുപറയാതെ നിർവാഹമില്ലെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇന്ന് വൈകിട്ട് നാലരയോടെ മാധ്യമങ്ങളെ കാണുമെന്നാണ് അൻവർ വ്യക്തമാക്കിയത്.
പിണറായി വിജയൻ അൻവറിനെ അവജ്ഞയോടെ തള്ളുന്നു എന്ന് പറഞ്ഞ ശേഷം പാർട്ടി സെക്രട്ടറിയേറ്റും അൻവറിനോട് പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ പറഞ്ഞിരുന്നു. തുടർന്ന് പരസ്യ വിമർശനം ഒഴിവാക്കിയ അൻവർ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്.
നീതിയില്ലെങ്കിൽ തീയാകുക എന്നും അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അൻവർ പറയുന്നത് അനീതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നാണ്.
പിന്നാലെ നിലമ്പൂരിലെ കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ തള്ളിപ്പറയുന്ന ഒന്നിനും താനില്ലെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. സിപിമ്മിൻ്റെ സൗജന്യത്തിലല്ല ജയിച്ചത് എന്ന് അൻവറിൻ്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അൻവർ രംഗത്തെത്തിയത്. തനിക്ക് വേണ്ടി ചോര നീരാക്കി പ്രവർത്തിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകരെ തള്ളി പറയില്ല എന്നും പുഴുക്കുത്തുകൾക്ക് എതിരെയാണ് പോരാട്ടമെന്നും അൻവർ കുറിച്ചു.