എൻസിപി തർക്കം: രാജൻ മാസ്റ്ററുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് പിസി ചാക്കോ

എ.കെ. ശശീന്ദ്രന്റെ പരസ്യ പ്രസ്താവനയെ വിമർശിച്ച് പിസി ചാക്കോ പ്രതികരിച്ചു.

AK Saseendran and PC Chacko

എൻസിപിയിലെ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. സംസ്ഥാന വൈസ് പ്രസിഡൻ്റ് രാജൻ മാസ്റ്ററുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന മന്ത്രി എകെ ശശീന്ദ്രന്റെ ആവശ്യം പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ തള്ളിയതോടെ, പാർട്ടിയിലുള്ള ഭിന്നതകൾ സങ്കീർണ്ണമാകുന്നു. വിമത പ്രവർത്തനം നടത്തിയെന്നാരോപിച്ച് സസ്‌പെൻഡ് ചെയ്ത രാജൻ മാസ്റ്ററിനെതിരായ അച്ചടക്ക നടപടിയിൽ മാറ്റമില്ലെന്ന് പിസി ചാക്കോ വ്യക്തമാക്കി.

“സസ്‌പെൻഷൻ കൊണ്ട് പാർട്ടിക്ക് നാശനഷ്ടങ്ങൾ ഒന്നും ഉണ്ടാകില്ല. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് ചർച്ചയാക്കരുത്,” രാജൻ മാസ്റ്ററുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന എ.കെ. ശശീന്ദ്രന്റെ പരസ്യ പ്രസ്താവനയെ വിമർശിച്ച് പിസി ചാക്കോ പ്രതികരിച്ചു.

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. മന്ത്രിമാറ്റത്തെ എതിർത്ത നിലപാടിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സംസ്ഥാന വൈസ് പ്രസിഡൻ്റ് രാജൻ മാസ്റ്ററെ ചാക്കോ സസ്‌പെൻഡ് ചെയ്തത്.

ശശീന്ദ്രൻ, നടപടിയെ പരസ്യമായി എതിർത്തതിനു പുറമെ, പാർട്ടി നേതാവ് ശരത് പവാറിന് കത്തും നൽകി. സസ്‌പെൻഷൻ പിൻവലിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ കടുപ്പിക്കാനാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ നീക്കം.

സത്യത്തിൽ, ശശീന്ദ്രനെ മാറ്റാനുള്ള ചാക്കോയുടെയും തോമസ് കെ. തോമസിന്റെയും ശ്രമങ്ങൾ ഇപ്പോഴും ഫലം കണ്ടിട്ടില്ല. ശരത് പവാറിന്‍റെ പിന്തുണ ലഭിച്ചിട്ടും, ശശീന്ദ്രനെ മാറ്റാനുള്ള സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രമങ്ങൾ പൂർത്തിയാകാത്ത അവസ്ഥയിലാണ്.

തൽക്കാലം, മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാട് അറിഞ്ഞ ശേഷമേ അന്തിമ തീരുമാനത്തിലേക്ക് എത്താനാകൂ. മന്ത്രിസ്ഥാനം പാർട്ടിയുടെ ആഭ്യന്തര കാര്യമായിരിക്കെ മുഖ്യമന്ത്രിക്ക് അങ്ങിനെ നോ പറയാൻ ആകില്ലെന്നാണ് ചാക്കോയുടെ നിലപാട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇനി മൂന്നിനാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments