അന്‍വർ ചെയ്യുന്നത് തെറ്റെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ തേജസ് ജനങ്ങളില്‍ നിന്നും നേടിയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിര്‍മ്മിച്ചതല്ലെന്നും ആ ശോഭ ഈ വര്‍ത്തമാനം കൊണ്ട് കെട്ടുപോകില്ലെന്നും അന്‍വറിൻ്റെ വിമര്‍ശനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മുഖ്യന്റെ സൂര്യതേജസ് കെട്ടുപോയെന്ന് അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100ല്‍ നിന്ന് പൂജ്യമായെന്നും അൻവർ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ചതിച്ചു എന്നത് അടിസ്ഥാനരഹിതമാണെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. അന്‍വര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അത് പൂര്‍ത്തിയാകും മുമ്പ് ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ലെന്നും ടിപി രാമകൃഷ്ണന്‍ ഓർമപ്പെടുത്തി.
പിണറായി വിജയൻ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമാണെന്നും അദ്ദേഹം പറയുന്നത് പാർട്ടി നിലപാട് ആണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി അന്‍വര്‍ പ്രവര്‍ത്തിക്കുന്നുവെന്നും അന്‍വര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം വിമര്‍ശിച്ചു.
മുഖ്യമന്ത്രി താനുള്‍പ്പെടെ പാര്‍ട്ടിയെ സ്നേഹിക്കുന്നവരുടെ മനസില്‍ കത്തിജ്വലിക്കുന്ന ഒരു സൂര്യനായിരുന്നെന്നും ഇപ്പോള്‍ ആ സൂര്യന്‍ കെട്ടുപോയെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചിരുന്നു.പി ശശിയും അജിത് കുമാറും എഴുതി നൽകുന്ന കാര്യങ്ങൾ വായിക്കുന്ന പാവയാണ് മുഖ്യനെന്നും അൻവർ പറഞ്ഞു. കള്ളക്കടത്ത് സംഘത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും സർക്കാരിലും പാർട്ടിയിലുമുള്ള വിശ്വാസം നഷ്ടമായെന്നും അദ്ദേഹം തുറന്നടിച്ചു.