ഉത്തര്‍പ്രദേശ്; ട്രെയിനില്‍ വെച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് അവശ നിലയിലായ വയോധികനെ സിപിആര്‍ കൊടുത്ത് രക്ഷിച്ച് ടിടിആര്‍. ടിടിആറായ സവിന്ദ് കുമാറാണ് വയോധികന് കറക്റ്റ് സമയത്ത് സിപിആര്‍ നല്‍കി രക്ഷിച്ചത്.വയോധികനായ ബിപി കര്‍ണും സഹോദരനും ബിഹാറിലെ ദര്‍ഭംഗയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ വാരാണസിയിലേക്ക് പവന്‍ എക്സ്പ്രസിന്റെ ഫസ്റ്റ് ക്ലാസ് കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നാണ് അദ്ദേഹത്തിന് നെഞ്ചില്‍ വല്ലാത്ത വേദന അനുഭവപ്പെട്ടത്. പിന്നാലെ അയാള്‍ ബോധരഹിതനായി.
റെയില്‍വേയുടെ റെയില്‍മദാദ് പോര്‍ട്ടലിലൂടെ അദ്ദേഹത്തിന്റെ സഹോദരന്‍ ഉടന്‍ തന്നെ എമര്‍ജന്‍സി ആവിശ്യപ്പെടുകയും ടിടിആര്‍ക്ക് ഒരു അലേര്‍ട്ട് ലഭിക്കുകയും ഉടന്‍ തന്നെ കോച്ചില്‍ എത്തുകയും ചെയ്തു. അതിനിടയില്‍, യാത്രക്കാരന്റെ സഹോദരന്‍ ഫാമിലി ഡോക്ടറുമായി ബന്ധപ്പെടുകയും അദ്ദേഹം കാര്‍ഡിയോപള്‍മണറി റീസസിറ്റേഷന്‍ (സിപിആര്‍) ഉപദേശിക്കുകയും ചെയ്തു. ടിക്കറ്റ് എക്സാമിനര്‍ സവിന്ദ് കുമാര്‍ 15 മിനിറ്റോളം യാത്രക്കാരന് സിപിആര്‍ നല്‍കി. പിന്നാലെ അദ്ദേഹത്തിന് ബോധം വീഴുകയും ചെയ്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ട്രെയിന്‍ ഛപ്ര സ്റ്റേഷനില്‍ എത്തി.
മെഡിക്കല്‍ എമര്‍ജന്‍സിയെക്കുറിച്ച് റെയില്‍വേ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘം സ്റ്റേഷനില്‍ കാത്തുനില്‍ക്കുകയായിരുന്നു. യാത്രക്കാരനെ ട്രെയിനില്‍ നിന്ന് ഇറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അറിയിച്ചു. ടിടിആറിന്റെ സമയോചിതമായ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്നും സവിന്ദ് കുമാറിനെ ആദരിക്കുമെന്നും പ്രത്യേക ക്യാഷ് പ്രൈസ് നല്‍കുമെന്നും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ വിവേക് ഭൂഷണ്‍ സൂദ് പറഞ്ഞു.