ബദൗന്‍: അനുജന്‍ യുവതിക്കൊപ്പം ഒളിച്ചോടിയതിന് സഹോദരനെ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് വടികൊണ്ട് മര്‍ദിച്ചു. യുപിയിലെ അരേല പ്രദേശവാസിയായ അര്‍ഷാദ് ഹുസൈനാണ് മര്‍ദ്ദനമേറ്റത്. ഇയാളുടെ അനുജന്‍ കാമുകിക്കൊപ്പം പോയതിനാണ് ചേട്ടന്‍ തല്ലുവാങ്ങേണ്ടി വന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അര്‍ഷാദിന്റെ ഇളയ സഹോദരന്‍ അമീര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ പ്രദേശത്തെ ഒരു യുവതിയോടൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇതില്‍ യുവതിയുടെ കുടുംബത്തിന് വിദ്വേഷം ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി അര്‍ഷാദ് തന്‍രെ വീട്ടിലേക്ക് പോകുമ്പോള്‍ പ്രതികള്‍ വളഞ്ഞിട്ട് പിടികൂടി. പിന്നീട് തൂണില്‍ കെട്ടിയിട്ട് വടിയും ബെല്‍റ്റും കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. അര്‍ഷാദിനെ റോഡരികിലെ വൈദ്യുതത്തൂണില്‍ കെട്ടിയിട്ടാണ് മര്‍ദിച്ചത്. പരിക്കേറ്റ അര്‍ഷാദിനെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സംഭവത്തില്‍ ഒന്‍പതോളം പേരുണ്ടെന്നും ഇതില്‍ മൂന്ന് പേര്‍ അറസ്റ്റിലായെന്നും പോലീസ് വ്യക്തമാക്കി.